മമതക്ക് മുന്നില്‍ മുട്ടുമടക്കാതെ ഐ.പി.എസ് വലിച്ചെറിഞ്ഞ് വനിതാ എസ്.പിയുടെ തിരിച്ചടി

mamatha_bharathi

വെസ്റ്റ് ബംഗാള്‍: പെണ്‍പുലിയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെങ്കില്‍ പെണ്‍ സിംഹമാണ് ഐ.പി.എസുകാരി ഭാരതി ഘോഷ്. മമതയുടെ ട്രാന്‍സ്ഫര്‍ പീഢനത്തിനെതിരെ കഷ്ടപ്പെട്ട് നേടിയ ഐ.പി.എസ് ഉദ്യോഗം തന്നെ തൂക്കി എറിഞ്ഞിരിക്കുകയാണ് ഈ ക്ഷുഭിത യവ്വനം.

ബംഗാളില്‍ മാവോയിസ്റ്റുകളെ കൊന്നൊടുക്കിയും പിടികൂടിയും ശ്രദ്ധേയയായ ഉദ്യോഗസ്ഥയാണ് 2006 ബാച്ചിലെ ഐ.പി.എസ് ഓഫീസറായ ഭാരതി ഘോഷ്. ആറു വര്‍ഷമായി സംഘര്‍ഷ കേന്ദ്രമായ മിഡ്‌നാപൂര്‍ എസ്.പിയായിരുന്നു.

സ്ഥലംമാറ്റിയും ശിക്ഷാ നടപടികള്‍ സ്വീകരിച്ചും ഒതുക്കാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങിയതോടെയാണ് ജോലി വലിച്ചെറിഞ്ഞ് തലകുനിക്കാന്‍ സൗകര്യമില്ലെന്ന് ഭാരതിഘോഷ് തുറന്നടിച്ചത്.

നേരത്തെ, മമതയുടെ വലംകൈയ്യായിരുന്നു ഈ വനിത ഐപിഎസ് ഓഫീസര്‍. ഭാരതിയുമായി വ്യക്തിപരമായി ബന്ധമുണ്ടായിരുന്ന തൃണമുല്‍ നേതാവ് മുകുള്‍ റോയി ബിജെപിയിലേക്ക് ചേക്കേറിയതാണ് മമതയുടെ പക വീട്ടലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐപിഎസ് പദവിയില്‍ നിന്ന് സ്വയം വിരമിക്കാനുള്ള ഭാരതിഘോഷിന്റെ ആവശ്യത്തിന് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ, അടുത്തിയിടെ പശ്ചിമ ബംഗാളിലെ സബാങില്‍ നടന്ന ബൈ ഇലക്ഷനില്‍ തൃണമുല്‍ നേരിട്ട ക്ഷീണത്തിനുള്ള ഉത്തരംകൂടിയാണ് ഭാരതിയുടെ ട്രാന്‍സ്ഫറിനും, തരംതാഴ്ത്തലിനും കാരണമായതെന്നും പറയപ്പെടുന്നു.

ശാരദ ചിട്ടിക്കേസുമായി ബന്ധപ്പെട്ടാണ് മുകുള്‍ റോയിയെ മമത ബാനര്‍ജി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ നവംബറിലായിരുന്നു മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായ മുകുള്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്

പൊലീസ് സൂപ്രണ്ട് പദവിയില്‍ നിന്ന് നീക്കം ചെയ്ത് ട്രെയിനിങ്ങ് വിഭാഗത്തിലെ കമാന്‍ഡറായി ഭാരതിയെ മമത ഒതുക്കിയതാണ് അവരെ പ്രേകോപിപ്പിച്ചത്. റാങ്കില്‍ ഇവരേക്കാള്‍ ജൂനിയര്‍ ഉദ്യോഗസ്ഥരാണ് ഇതുവരെ ഈ സ്ഥാനം അലങ്കരിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ 26-നാണ് കൊല്‍ക്കത്തയിലെ സംസ്ഥാന ആംഡ് ബറ്റാലിയന്‍ കമാന്‍ഡറായി ട്രാന്‍സ്ഫര്‍ ലഭിച്ചത്. ഈ തരംതാഴത്തലില്‍ വളരെയധികം നിരാശയും അതൃപ്തിയും ഭാരതിക്കുണ്ടായിരുന്നെന്ന് ഭാരതിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് സ്ഥലമാറ്റം നോട്ടീസ് കിട്ടിയതിനടുത്ത ദിവസം തന്നെ വിരമിക്കലിനുള്ള അപേക്ഷ ഡിജിപിക്ക് നല്‍കിയതത്രെ.

അതേസമയം, രാജ്യത്തെ ഏറ്റവും ചീഫ് പോസ്റ്റുകളില്‍ ഒന്നായ ഐപിഎസ് പദവി, മുപ്പത് വര്‍ഷത്തോളം ഇനിയും സര്‍വീസ് അവശേഷിച്ചിരിക്കെ തൂക്കിയെറിഞ്ഞ ഭാരതിയുടെ നടപടി സിവില്‍ സര്‍വീസ്‌ മേഖലയെ ആകെ ഞെട്ടിച്ചിട്ടുണ്ട്.

Top