IPS-Officer-acting-like-Sarojkumar

ദയനാണ് താരം എന്ന സിനിമയില്‍ നടന്‍ ശ്രീനിവാസന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളെ വെല്ലുന്ന പ്രകടനമാണ് മധ്യകേരളത്തിലെ ഒരു ഐ.പി.എസ് ഉന്നതന്‍ ഇപ്പോള്‍ കാഴ്ച വച്ച് കൊണ്ടിരിക്കുന്നത്.

സ്വന്തം പബ്ലിസിറ്റിക്ക് വേണ്ടി സിനിമയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ ഇറക്കുന്ന ‘നമ്പറുകളുടെ’ തനിയാവര്‍ത്തനമാണ് മധ്യമേഖലയിലെ ഈ അഭിനവ ‘സരോജ്കുമാര്‍’ ഐപിഎസ് നടപ്പാക്കുന്നത്.

ദൃശ്യമാധ്യമങ്ങളില്‍ ‘തല’ കണ്ടാല്‍ പിന്നെ എല്ലാമായി എന്നു കരുതുന്ന ഈ ഉദ്യോഗസ്ഥന്‍ അതിനായി തട്ടികൂട്ടുന്ന പദ്ധതികള്‍ കണ്ട് പൊലീസ് സേനാംഗങ്ങള്‍ തന്നെ പൊട്ടിച്ചിരിക്കുകയാണ്.

എവിടെ എത്തിപ്പെട്ടാലും അവിടുത്തെ ക്രൈം റിപ്പോര്‍ട്ടര്‍മാരെ വരുതിയിലാക്കുകയാണ് ഇയാളുടെ ആദ്യ പണി. അതിനായി പദവിയൊന്നും പ്രശ്‌നമല്ല, വീട്ടില്‍ പോയി കാണാനും മടിയില്ല. ഫോണിലും ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും.

പൊലീസിലെ രഹസ്യ കാര്യങ്ങള്‍ പോലും ചോര്‍ത്തി നല്‍കുമെന്ന് ഉറപ്പുളളതിനാല്‍ ക്രൈം റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഇയാളുടെ കയ്യിലിരിപ്പ് അറിയാമെങ്കിലും സഹകരിക്കുകയാണ് പതിവ്.

അറിയപ്പെടുന്ന ക്രൈം റിപ്പോര്‍ട്ടര്‍മാര്‍ പോലും ഈ ‘സരോജ്കുമാര്‍’ഐപിഎസിന്റെ വാക്ക് വിശ്വസിച്ച് പൊട്ട വാര്‍ത്തയടിക്കാന്‍ മിടുക്കന്‍മാരായി കഴിഞ്ഞു.

മുന്‍പെല്ലാം ഒരു വാര്‍ത്ത കിട്ടിയാല്‍ 3 ഉം 4 ഉം തവണ ക്രോസ് ചെക്ക് ചെയ്ത് മാത്രം വാര്‍ത്ത കൊടുത്തിരുന്നവരാണ് ഇപ്പോള്‍ ഈ പൊലീസ് ഉന്നതന്റെ വിഡ്ഢിത്തം വാര്‍ത്തയാക്കാന്‍ മത്സരിക്കുന്നത്.

ഈ ഉദ്യോഗസ്ഥന്‍ മധ്യകേരളത്തില്‍ പൊലീസ് തലപ്പത്ത് ചാര്‍ജ്ജെടുത്ത സമയത്ത് സാഹസികമായി 130-ഓളം ‘പിടികിട്ടാപ്പുള്ളികളെ’ അറസ്റ്റ് ചെയ്യിപ്പിച്ച് മണ്ടത്തരം കാട്ടിയിട്ടുണ്ട്. ഈ പിടികിട്ടാപ്പുള്ളികളുമായി കോടതിയില്‍ എത്തിയപ്പോള്‍ കോടതി പരിഹസിച്ച് വിട്ടത് സേനക്കാകെ അപമാനമായിരുന്നു.

മോട്ടോര്‍ വെഹിക്കിള്‍സ് ആക്ട് പ്രകാരം അമിതവേഗത്തില്‍ ഇരുചക്രവാഹനം ഓടിച്ചതിനും മറ്റുമെല്ലാം കേസെടുക്കപ്പെട്ടവരായിരുന്നു ഈ ‘പിടികിട്ടാപ്പുള്ളികള്‍’. 200 രൂപ പിഴ അടച്ച് പോയവരാണ് ഇവരെന്ന കാര്യം പോലും ഈ മണ്ടന്‍ ഓര്‍ത്തില്ല.

ഏത് ‘നമ്പറുകള്‍’ പാളിയാലും പുതിയ ‘നമ്പറുകള്‍’ ഇറക്കുക എന്നതാണ് ഇയാളുടെ രീതി. മഹാനഗരത്തിലെ പൊലീസിനെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ പോലും മറി കടന്നാണ് ഓരോ കാര്യങ്ങളിലെയും ഇടപെടല്‍.

അടുത്തയിടെ വിവാദമായ ഒരു സംഭവത്തില്‍ ഇടപെട്ട് കൈ പൊള്ളിയതിനാല്‍ ആ ക്ഷീണം തീര്‍ക്കാന്‍ ഇപ്പോള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുമായാണ് രംഗപ്രവേശം.തന്റെ കസേരക്ക് ഇളക്കം സംഭവിക്കുമോ എന്ന ഭീതിയാണെത്രെ ഇതിന് കാരണം.

മാധ്യമങ്ങളില്‍ ‘തല’ കണ്ടല്ല ഇപ്പോഴത്തെ മുഖ്യമന്ത്രി മാര്‍ക്കിടുന്നതെന്ന കാര്യം ഈ കാക്കിയിട്ട കോമാളിക്ക് അറിയില്ലേയെന്നാണ് പൊലീസുകാര്‍ പോലും ഇപ്പോള്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നത്.

ഇയാളുടെ കയ്യിലിരിപ്പ് അറിയാവുന്നത് കൊണ്ട് നഗരത്തെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ അതീവ ജാഗ്രതയിലാണ്. സെല്‍ഫ് പ്രമോഷന് വേണ്ടി നടത്തുന്ന നാടകങ്ങളെ അതേ രൂപത്തില്‍തന്നെ കാണാനും മേലുദ്യോഗസ്ഥനായാലും അമിതമായ ഇടപെടല്‍ വകവെച്ച് കൊടുക്കേണ്ടതില്ലെന്നുമാണ് തീരുമാനം.

ഇതോടെ ചെറുപ്പക്കാരനായ ഡെപ്യൂട്ടിയെ കയ്യിലെടുക്കാനാണ് ഇയാളുടെ ഇപ്പോഴത്തെ ശ്രമം. മികച്ച ഉദ്യോഗസ്ഥനെന്ന് ഇതിനകം പേരെടുത്ത ഡെപ്യൂട്ടി ഇയാളെ പോലുളളവരുടെ വലയില്‍ വീഴില്ലെന്ന് തന്നെയാണ് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

കോണ്‍സ്റ്റബിളുമാര്‍ പിടികൂടുന്ന ചീട്ടുകളി പോലും പിടിച്ച് തന്റെ ഓഫീസിലെത്തിച്ച് തന്റെ നേതൃത്വത്തിലുളള പൊലീസാണ് പിടികൂടിയതെന്ന് പറയണമെന്നാണ് ഏറ്റവും ഒടുവിലത്തെ ‘സരോജ് കുമാറിന്റെ’ കല്‍പ്പനയത്രെ.

സ്ത്രീകളുടെ രക്ഷകനാകാനാണ് മറ്റൊരു ശ്രമം. മനസ്സിലിരിപ്പ് അറിയാവുന്നത് കൊണ്ട് പക്ഷേ സ്ത്രീകളാരും അങ്ങോട്ട് അടുക്കുന്നില്ലെന്ന് മാത്രം.

ഇയാളുടെ പ്രമോഷന്‍ ‘വര്‍ക്ക്’ ഏറ്റെടുത്ത മാധ്യമ ‘പുലികള്‍’ ‘സരോജ് കുമാറിന്റെ’ മുന്‍കാല ചരിത്രം അറിയാവുന്നത് കൊണ്ട് സഹപ്രവര്‍ത്തകരായ വനിതാ മാധ്യമപ്രവര്‍ത്തകരെ പോലും ഇയാളുടെ അടുത്തേക്ക് അയക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Top