ഐപിഎല്‍ മാതൃകയില്‍ സംസ്ഥാനത്ത് ഇനി വള്ളം കളി മത്സരവും

ന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ സംസ്ഥാനത്ത് ഇനി വള്ളം കളി മത്സരവും. ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്നാണ് പേരിട്ടിരിക്കുന്നത്. ലീഗില്‍ വിജയികളാവുന്നവര്‍ക്ക് കാല്‍കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തോടെ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന് നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ് ട്രോഫി വള്ളം കളിയോടെ സമാപനമാകും.

പതിമൂന്ന് വേദികളിലായി 13 വള്ളം കളി മത്സരങ്ങള്‍. ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഏറ്റവും മികച്ച സമയത്തില്‍ എത്തിച്ചേരുന്ന ഒന്‍പത് ചുണ്ടന്‍ വള്ളങ്ങളാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത നേടുക. അതിനായി 25 ടീമുകള്‍ തുഴയെറിയും. മൂന്ന് ടീമുകള്‍ വീതം പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്‌സുകളായി പ്രാഥമിക മത്സരം നടത്തും. അതില്‍ മികച്ച സമയക്രമത്തില്‍ എത്തുന്ന മൂന്ന് വള്ളങ്ങളെ പങ്കെടുപ്പിച്ചാണ് ഫൈനല്‍ മത്സരം നടത്തുക. ഇതിനായി സംസ്ഥാനത്ത് നടക്കുന്ന പ്രമുഖമായ 13 വള്ളം കളികള്‍ വിനോദസഞ്ചാര വകുപ്പിന് കീഴില്‍ സംഘടിപ്പിക്കും. അതിന്റെ സമയക്രമവും ലോഗോയും പുറത്തിറക്കി.

ഓരോ മത്സരത്തിലും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,7,4 എന്ന രീതിയില്‍ പോയിന്റ് നല്‍കും. ലൂസേഴ്‌സ് ഫൈനലില്‍ ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 3,2,1 എന്ന രീതിയിലാകും പോയിന്റുകള്‍.

അന്താരാഷ്ട്ര നിലവാരത്തില്‍ വള്ളം കളിനടത്തി വിനോദ സഞ്ചാര മേഖലക്ക് ഉണര്‍വ്വ് പകരാനാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന് തുടക്കം കുറിക്കുന്നത്.

Top