INTUC leader killed in Nilambur -Police have arrested the accused

നിലമ്പൂര്‍: നിലമ്പൂര്‍ കൂറ്റമ്പാറയില്‍ ഐ.എന്‍.ടി.യു.സി നേതാവ് മുണ്ടമ്പ്ര മുഹമ്മദാലിയെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. തടയാനെത്തിയ ഭാര്യ റംലത്തിനും വെട്ടേറ്റു.

സാരമായ പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചന്തക്കുന്ന് സ്വദേശി പാപ്പട്ട സലീമിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനു കൈമാറി.

PicsArt_02-24-01.54.00
കൊല്ലപ്പെട്ട ഐ.എന്‍.ടി.യു.സി നേതാവ് മുഹമ്മദാലി

ഇന്നു രാവിലെ ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വാക് തര്‍ക്കത്തിനിടെ മുഹമ്മദലിയുടെ കൂറ്റമ്പാറയിലെ വീട്ടില്‍വെച്ചാണ് കത്തികൊണ്ട് വെട്ടിയത്. ആറിലേറെ വെട്ടാണ് മുഹമ്മദലിക്കുകൊണ്ടത്. തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ റംലത്തിനും വെട്ടേറ്റത്. വെട്ടാനുപയോഗിച്ച കത്തിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇരുവരെയും വെട്ടിവീഴ്ത്തി ചോരപുരണ്ട കത്തിയുമായി നിന്ന സലീമിനെ ഓടിയെത്തിയ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സലീമിനെ അറസ്റ്റു ചെയ്തു.

നിലമ്പൂരിലെ ഓട്ടോതൊഴിലാളി യൂണിയന്‍ ഐ.എന്‍.ടി.യു.സി മുന്‍ പ്രസിഡന്റായിരുന്നു മുഹമ്മദാലി. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ എം.സി ദേവസ്യ, എസ്.ഐ മനോജ് പറയറ്റ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.

PicsArt_02-24-02.15.16
പ്രതി പാപ്പട്ട സലീം

Top