internet – cyber dom

തിരുവനന്തപുരം: ഇന്റര്‍നെറ്റ് കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നതിനും സൈബര്‍ സുരക്ഷ കൂടുതല്‍ ഫലപ്രദമാക്കുന്നതിനുമായി കേരള പോലീസ് ആരംഭിക്കുന്ന സൈബര്‍ ഡോം 17 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനുമായി ഇന്ത്യയില്‍ ആദ്യമായാണ് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് സൈബര്‍ ഡോമിന്റെ ആസ്ഥാനം. 2500 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ടെക്‌നോപാര്‍ക്കിലെ തേജസ്വിനി അനക്‌സില്‍ പൂര്‍ത്തിയായിട്ടുള്ള സൈബര്‍ ഡോം ടെക്‌നോളജി സെന്റര്‍ നിലവില്‍ വരുന്നതോടെ കേരള പോലീസിന് സൈബര്‍ അനുബന്ധ കുറ്റകൃത്യങ്ങളുടെ നിരീക്ഷണം, സൈബര്‍ കേസുകളുടെ അന്വേഷണം തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കുവാന്‍ വഴിയൊരുങ്ങുമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ പറഞ്ഞു.

വിവരസാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും അടിസ്ഥാനമാക്കി സൈബര്‍ ഫോറന്‍സിക്, സൈബര്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ്, ഇന്റര്‍നെറ്റ് മോണിറ്ററിങ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടെത്തല്‍, വിഒഐപി/സ്‌കൈപ് കാള്‍ വിശകലനം, സൈബര്‍ ഭീകരവാദം തടയല്‍, ഡാര്‍ക്ക് നൈറ്റ് എക്‌സ്‌പ്ലോറിങ് തുടങ്ങിയ വിവിധതരം പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ഡോമില്‍ നടക്കും. കൂടാതെ, സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്നതിനും നിരീക്ഷിക്കുന്നതിനുമായി സോഷ്യല്‍ മീഡിയ വിശകലന ലാബും ഇതിന്റെ ഭാഗമായി ഉണ്ടാകും

സൈബര്‍ സുരക്ഷാ രംഗത്ത് പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭമായ സൈബര്‍ഡോമില്‍ സന്നദ്ധ സേവനത്തിലൂന്നി ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള അഞ്ഞൂറോളം ഐടി പ്രൊഫഷണലുകളും സൈബര്‍ സെക്യൂരിറ്റി വിദഗ്ധരും സഹകരിച്ചു പ്രവര്‍ത്തിക്കും.

കൂടാതെ മുന്‍നിര ഐടി കമ്പനികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു ഡിവൈഎസ്പിയുടേയും സിഐ യുടേയും കീഴില്‍ ഐടി വിദഗ്ദരായ 10 പോലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടാകുമെന്ന് സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്ന പദ്ധതിയുടെ നോഡല്‍ ഓഫീസറും തിരുവനന്തപുരം റേഞ്ച് ഐജിയുമായ മനോജ് എബ്രഹാം പറഞ്ഞു.

Top