അള്‍ജീരിയയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

exam

അല്‍ജിയേഴ്‌സ്: പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ ചോരുന്നത് തടയാന്‍ അള്‍ജീരിയയില്‍ രണ്ടു മണിക്കൂര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. ഹൈസ്‌കൂള്‍ പരീക്ഷ നടക്കവേ മൊബൈല്‍, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. 2,000 പരീക്ഷാ കേന്ദ്രങ്ങളുടെ കവാടങ്ങളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നതായി വിദ്യാഭ്യാസമന്ത്രി നൗരിയ ബെന്‍ഗബ്രിറ്റ് പറഞ്ഞു.

2016ല്‍ പരീക്ഷ നടക്കവേ ചോദ്യപ്പേപ്പറുകള്‍ ചോര്‍ത്തി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണ് നടപടി. കഴിഞ്ഞവര്‍ഷം സോഷ്യല്‍ മീഡിയ ഉപയോഗം പൂര്‍ണമായി വിലക്കാന്‍ സര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കര്‍ശന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോയത്.

Top