കര്‍ഷക സമരം കമ്യൂണിസ്റ്റ് വിജയഗാഥയായി, ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ . .

ന്യൂഡല്‍ഹി: ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റുകള്‍ ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്നത് ഇന്ത്യയിലാണ് എന്നതിനാല്‍ ഇന്ത്യയിലെ ഇടത് പക്ഷ പാര്‍ട്ടികള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിനിടയില്‍ എപ്പോഴും വലിയ പ്രാധാന്യമുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ കമ്യൂണിസ്റ്റുകാരനായ ജോതിഭസുവിന് ലഭിച്ച സുവര്‍ണ്ണാവസരം വേണ്ടന്ന് വച്ച സി.പി.എം നിലപാട് ലോക രാഷ്ട്രങ്ങളെയാകെ അമ്പരിപ്പിച്ച കാര്യമാണ്.

‘ചരിത്രപരമായ വിഢിത്തം’ എന്ന് പിന്നീട് ഈ തീരുമാനത്തിന് പഴി കേള്‍ക്കേണ്ടി വന്നെങ്കിലും അധികാരത്തോട് ആര്‍ത്തിയില്ലാത്ത പാര്‍ട്ടിയെന്ന പ്രതിച്ഛായ ആ തീരുമനം സി.പി.എമ്മിന് രാജ്യത്തിനകത്തും പുറത്തും നേടിക്കൊടുത്തുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

ഇപ്പോള്‍ ത്രിപുരയിലടക്കം ഭരണം കൈവിട്ട് പോയതോടെ കേരളത്തില്‍ മാത്രമായി ഭരണത്തില്‍ ഒതുങ്ങിയ ഇന്ത്യയിലെ കമ്യൂണിസ്റ്റുകളെ എഴുതിതള്ളാന്‍ കഴിയില്ലന്ന് ലോക മാധ്യമങ്ങളും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Kisan Long March

സി.പി.എം കര്‍ഷക സംഘടന കിസാന്‍ സഭ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം വളഞ്ഞ് അവകാശങ്ങള്‍ പിടിച്ചു വാങ്ങിയത് വലിയ പ്രാധാന്യത്തോടെയാണ് ബ്രിട്ടണിലെ ബി.ബി.സി, അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ്, ഡെയ്‌ലി മെയില്‍, ജപ്പാന്‍ ടൈംസ്, ചൈനീസ് മാധ്യമം സിന്‍ഹുവ എന്നിവ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്ര കര്‍ഷക സമരം വിജയകരമായി അവസാനിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത ബിബിസി കര്‍ഷകര്‍ നേടിയെടുത്ത അവകാശങ്ങളടക്കം സചിത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചു. പതിനായിരക്കണക്കിന് കര്‍ഷകരും സ്ത്രീകളും പങ്കെടുത്ത മാര്‍ച്ച് മഹാസംഭവമെന്നാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായി അവതരിപ്പിക്കാനും ബിബിസി ശ്രദ്ധകാണിച്ചു.

ഇന്ത്യന്‍ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ചെങ്കൊടിയേന്തി കാര്‍ഷിക പരിഷ്‌കരണം ആവശ്യപ്പെട്ടു നടത്തിയ പോരാട്ടമെന്നാണ് ലാറ്റിനമേരിക്കന്‍ മാധ്യമമായ ടെലിസൂര്‍ റിപ്പോര്‍ട്ട് ചെയ്തത്. സമരത്തിന്റെ നിരവധി ചിത്രങ്ങളും ടെലിസൂര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

kisan

കനത്ത വേനല്‍ ചൂടിനേയും അവഗണിച്ച് പതിനായിരക്കണക്കിന് കര്‍ഷകര്‍ ഇന്ത്യന്‍ സാമ്പത്തിക തലസ്ഥാനം വളഞ്ഞെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കര്‍ഷകരെ പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാത്ത സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് പത്രം ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളുടെ ത്യാഗനിര്‍ഭരമായ പോരാട്ട വീര്യത്തേയും, തൊഴിലാളികളെ സംഘടിപ്പിക്കാനുള്ള കഴിവിനെ പ്രശംസിക്കാനും പല മാധ്യമങ്ങളും തയ്യാറായി എന്നതും ശ്രദ്ധേയമാണ്.

Top