സൗദി അറേബ്യയില്‍ സിനിമാ തിയേറ്റര്‍ സ്ഥാപിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ രംഗത്ത്

ജിദ്ദ: സൗദി അറേബ്യയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ അന്താരാഷ്ട്ര കമ്പനികള്‍ തിയേറ്ററുകള്‍ സ്ഥാപിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ.എം.സി എന്റര്‍ടെയ്ന്‍മെന്റ് ഉള്‍പ്പെടെ പ്രമുഖ സ്ഥാപനങ്ങള്‍ സൗദിയില്‍ തിയേറ്റര്‍ ആരംഭിക്കും.

സൗദി പബ്ലിക് ഇന്‍വെസ്റ്റ് കമ്പനിയുമായി സഹകരിച്ച് തിയേറ്ററുകള്‍ സ്ഥാപിക്കുന്നതിന് എ.എം.സി കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞു. രാജ്യത്ത് തിയേറ്ററുകള്‍ ആരംഭിക്കുന്നതിനുളള ആദ്യത്തെ കരാറായിരിക്കുമിത്.

ലോകത്ത് ഏറ്റവും കൂടുതല്‍ തിയേറ്റര്‍ ശൃംഖലയുളള സ്ഥാപനമാണ് എ.എം.സി.

വിനോദ രംഗത്തുളള സാധ്യതകള്‍ പ്രയോജനപ്പെടുത്തി 100 കോടി ഡോളറിന്റെ പ്രാഥമിക നിക്ഷേപം നടത്താനാണ് പദ്ധതിയെന്ന് സൗദി പബ്ലിക് ഇന്‍വെസ്റ്റ് കമ്പനി വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വോക്‌സ് സിനിമാസ്, മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ്, കാനഡയിലെ ഐമാക്‌സ് തുടങ്ങിയ കമ്പനികളും സൗദിയില്‍ തിയേറ്ററുകള്‍ സ്ഥാപിക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Top