മിശ്ര വിവാഹിതര്‍ക്കെതിരെ വധഭീഷണി; ഹിന്ദുത്വ വാര്‍ത്തയുടെ ഫെയ്‌സ്ബുക്ക് പേജ് പിന്‍വലിച്ചു

fb_marrigae

ന്യൂഡല്‍ഹി: മിശ്ര വിവാഹിതരായ നൂറോളം ഇന്ത്യക്കാര്‍ക്കെതിരെ വധഭീഷണി. ‘ഹിന്ദുത്വ വാര്‍ത്ത’ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഭീഷണി ഉണ്ടായത്. സംഭവം വിവാദമായതോടെ പേജ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.

മിശ്ര വിവാഹിതരായ നൂറോളം ദമ്പതികളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയതിനു ശേഷം അവരെ വേട്ടയാടാനാണ് ഹിന്ദുത്വ വാര്‍ത്തയുടെ ആഹ്വാനം. ജനുവരി 28ന് പ്രസിദ്ധീകരിച്ച പോസ്റ്റ് കഴിഞ്ഞ ഞായറാഴ്ച ഇവര്‍ പിന്‍വലിച്ചിരുന്നു. ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റാണ് ഈ വാര്‍ത്ത ആദ്യം പുറത്തു കൊണ്ടു വന്നത്.

ഫെയ്‌സ്ബുക്ക് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും മിശ്ര വിവാഹത്തെ എതിര്‍ക്കുന്ന ഇത്തരം പേജുകള്‍ ഇനിയും സൃഷ്ടിക്കുമെന്നാണ് ഹിന്ദുത്വ വാര്‍ത്തയുടെ അഡ്മിനിസ്‌ട്രേറ്ററായ സതീഷ് മൈലാവരപ്പ് പറഞ്ഞത്.

എന്നാല്‍ ഇത്തരം വിവാദ പോസ്റ്റുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്നും അതുകൊണ്ടു തന്നെ ഹിന്ദുത്വ വാര്‍ത്തയുടെ അഡ്മിനെതിരെ ലോ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ശന നടപടിയെടുക്കണമെന്നും ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു.

അതേസമയം, ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നത് തങ്ങളുടെ നയത്തിന് എതിരാണെന്നും, ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ അത്തരം പേജുകള്‍ ഒഴിവാക്കാന്‍ ഫെയ്‌സ്ബുക്ക് ശ്രദ്ധ ചെലുത്താറുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

Top