Inquiry-against -Jacob Thomas- Central ministry -ask- explains

ന്യൂഡല്‍ഹി: സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരായ നടപടി സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ കുറിച്ച് വിശദീകരണം പെട്ടെന്ന് നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍.

ചട്ടലംഘനം നടത്തിയതില്‍ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം, അതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ അടിയന്തരമായി ഹാജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് 2016 നവംബര്‍ ഏഴിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ കാലതാമസമെടുക്കാതെ മറുപടി അയക്കണമെന്നാണ് പുതിയ ആവശ്യം. ഐബിയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണിത്.

ജേക്കബ് തോമസിനെതിരെയും സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉയര്‍ന്ന ആക്ഷേപങ്ങളെക്കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് തന്നെ ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരായ പരാതി കേന്ദ്രം പരിഗണിക്കുന്നത്. ജോലിയിലിരിക്കെയാണ് ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയത്. ഇത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സത്യന്‍ പരാതി നല്‍കിയിരുന്നത്.

കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ എം.ഡിയായിരിക്കെ ജേക്കബ് തോമസ് നിയമവിരുദ്ധമായി അവധിയെടുത്ത് ടി.കെ.എം മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ സ്ഥാപനത്തില്‍ 1,65,500 രൂപ ശമ്പളത്തില്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ ഡയറക്ടറായി ജോലി ചെയ്‌തെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് തന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വാങ്ങിയ ശമ്പളം താന്‍ തിരികെ നല്‍കിയെന്നും ഒരു തരത്തിലുള്ള ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് പുതിയ സര്‍ക്കാരിന് മുന്നില്‍ മറുപടി നല്‍കി.

തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ ഈ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിനെതിരെ പരാതിക്കാരന്‍ വീണ്ടും കേന്ദ്രത്തെ സമീപിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരായ ടോം ജോസ്,കെ എം എബ്രഹാം എന്നിവര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളും വിജിലന്‍സ് അന്വേഷണത്തിന്റെ വിശദാംശങ്ങളും ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

Top