വിലക്കയറ്റം നാലു മാസത്തെ ഉയരത്തില്‍ ; 4.87 ശതമാനം വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മേയ് മാസം 4.87 ശതമാനമായി ഉയര്‍ന്നു. നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റ നിരക്കാണ് ഇത്. ഏപ്രിലില്‍ 4.58 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പം. കഴിഞ്ഞ വര്‍ഷം മേയ് മാസമാകട്ടെ, 2.18 ശതമാനമായിരുന്നു റീട്ടെയില്‍ പണപ്പെരുപ്പമുണ്ടായത്.

റിസര്‍വ് ബാങ്കിന്റെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിനു മുകളില്‍ പണപ്പെരുപ്പമെത്തുന്നത് തുടര്‍ച്ചയായ ഏഴാമത്തെ മാസമാണ്. ഇന്ധനവില വന്‍തോതില്‍ ഉയര്‍ന്നതും വിലക്കയറ്റത്തിന് വഴിവച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി ഭക്ഷ്യവില കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഉയര്‍ന്ന വിലക്കയറ്റം നേരിടുക എന്ന ലക്ഷ്യവുമായി റിസര്‍വ് ബാങ്ക് ഇത്തവണ വായ്പാനയ അവലോകനത്തില്‍ പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയിരുന്നു. വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ. നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപോ നിരക്ക് ആറു ശതമാനത്തില്‍ നിന്ന് 6.25 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ, ബാങ്കുകള്‍ വായ്പ പലിശ വര്‍ധിപ്പിക്കും.

അതിനിടെ, ആര്‍.ബി.ഐ. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4.8- 4.9 ശതമാനവും രണ്ടാം പകുതിയില്‍ 4.7 ശതമാനവുമായിരിക്കും ഉപഭോക്തൃവില സൂചികയെന്ന അനുമാനം പുറത്തുവിട്ടിട്ടുണ്ട്.

Top