മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തിലെ കണക്കു പ്രകാരം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.24 ശതമാനമായി ഉയര്‍ന്നു.

പച്ചക്കറിയുടെ വിലക്കയറ്റം ഒരു പരിധി വരെ പണപ്പെരുപ്പം ഉയരുന്നതിന് കാരണമായിട്ടുണ്ട്‌.

പണപ്പെരുപ്പം ജൂലായില്‍ 1.88 ശതമാനവും 2016 ഓഗസ്റ്റില്‍ 1.09 ശതമാനവുമായിരുന്നു.

2017 ഏപ്രിലിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഭക്ഷ്യോത്പന്നങ്ങളുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ 5.75 ശതമാനം ഉയര്‍ന്നിരിക്കുകയാണ്.

പച്ചക്കറികളില്‍ ഉള്ളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഉരുളക്കിഴങ്ങിന്റെ വില 43.82 ശതമാനവും പയര്‍വര്‍ഗങ്ങളുടെ വില 30.16 ശതമാനവും ഇടിഞ്ഞു.

ഇന്ധനം, ഊര്‍ജം എന്നിവയുടെ വില 9.99 ശതമാനം ഉയര്‍ന്നു. ജൂലായില്‍ 2.18 ശതമാനം മാത്രമായിരുന്നു ഈ മേഖലയിലെ പണപ്പെരുപ്പം.

പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതാണ് ഇന്ധന വിലപ്പെരുപ്പത്തിന് കാരണമാകുന്നത്.

ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ ഉത്പന്ന വില കൂടി. ഇത്‌ വരും മാസങ്ങളില്‍ പണപ്പെരുപ്പം കൂടാന്‍ ഇടയാക്കുമെന്നാണ് സൂചന.

Top