ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയില്‍ 2018 ഓടെ മുന്നൂറ് ശതമാനം വര്‍ധനവുണ്ടാകും

ദോഹ: അടുത്ത മാര്‍ച്ചോടെ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയില്‍ മുന്നൂറ് ശതമാനം വര്‍ധനവിന് സാധ്യതയെന്ന് ലോജിസ്റ്റിക് മേഖല.

കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കുള്ള സുഗന്ധദ്രവ്യങ്ങളുടെയും പയറുവര്‍ഗങ്ങളുടെയും ഇറക്കുമതി വര്‍ധിച്ചതായി ലോജിസ്റ്റിക് കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

ഖത്തറിന്റെ ഭക്ഷ്യവിപണി പ്രയോജനപ്പെടുത്താന്‍ ഇന്ത്യന്‍ ഭക്ഷ്യ നിര്‍മാതാക്കള്‍ തത്പരരാണെന്ന് ഇന്ത്യന്‍ ബിസിനസ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. വര്‍ഗീസ് പറഞ്ഞു.

ഇന്ത്യന്‍ ഭക്ഷ്യ കമ്പനികളില്‍ ഭൂരിഭാഗം പേരും മേഖലയിലെ തന്നെ രണ്ടാമത്തെ ഭക്ഷ്യവിപണിയായാണ് ഖത്തറിനെ കണക്കാക്കുന്നത്.

നേരത്തേ ഇറക്കുമതിക്ക് യു.എ.ഇയെ ആശ്രയിച്ചിരുന്നതില്‍ നിന്ന് വ്യത്യസ്തമായി വിതരണ ശൃംഖലയുമായി നേരിട്ടുള്ള ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്നത്.

അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയില്‍ മുന്നൂറ് ശതമാനമാണ് വര്‍ധനവ്‌ പ്രതീക്ഷിക്കുന്നത്.

പുതിയ വിതരണ ശൃംഖലകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിരവധി ഉത്പന്നങ്ങളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top