അണ്ടര്‍ 17 ലോകകപ്പിൽ താരമായി ഇന്ത്യക്കാരുടെ സ്വന്തം നെയ്മർ; കോമൾ തട്ടൽ

അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമാണ് കോമൾ തട്ടൽ. നെയ്മറോടുള്ള ആരാധന മൂത്ത് നെയ്മറെപ്പോലെ തന്നെ മുടിവെട്ടിയ കോമൾ, ഇന്ത്യൻ നെയ്മറെന്നു പേരും സ്വന്തമാക്കിയിരിക്കുന്നു.

തയ്യൽ ജോലിക്കാരായ മാതാപിതാക്കൾ മിച്ചം വരുത്തുന്ന തയ്യൽത്തുണി കൂട്ടിക്കെട്ടിയായിരുന്നു കോമൾ തട്ടൽ പന്തു തട്ടിത്തുടങ്ങിയത്.

കോമൾ തട്ടലിന്റ ചടുല നീക്കങ്ങൾ‌ കണ്ട് സിക്കിമുകാരൻ പയ്യനെ ചെറുപ്പത്തിൽ തന്നെ അക്കാദമികൾ സ്വന്തമാക്കി.

യുഎസിനെതിരെ ഗോൾ നേടുന്നതൊഴികെ ബാക്കിയെല‌്ലാം കോമൾ ചെയ്തുവെന്ന് ഇന്ത്യൻ പരിശീലകൻ നോർട്ടൻ‌ ഡി മാറ്റോസ് കളിക്കു ശേഷം പറഞ്ഞത് ശരിയാണ്.

മധ്യനിരയിൽ എതിരാളിയുടെ പാസുകൾ കൂടെക്കൂടെ മുറിച്ചു, പിന്നോട്ടിറങ്ങി പന്തു വാങ്ങി കുതിച്ചുകയറി, ലോങ് ക്രോസുകൾ എത്തിപ്പിടിച്ച് യുഎസ് ബോക്സിൽ ഭീതി സൃഷ്ടിച്ചു.

രണ്ടും മൂന്നും വെട്ടിയൊഴിഞ്ഞ് ‍ഡ്രിബ്ൾ ചെയ്തു കയറിയ കോമളിന് ഗാലറിയിൽനിന്നു കിട്ടിയതു നിറഞ്ഞ കയ്യടി.

കോമളിനു പന്തു കൊടുക്ക് എന്നു പറഞ്ഞ് ആർത്തുവിളിക്കുകയായിരുന്നു കാണികൾ. ഇന്ത്യൻ നെയ്മർ എന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളിലും അഭിനന്ദന പ്രവാഹം.

തുണിപ്പന്തിലെ കളിമികവുകൊണ്ടു ടിംബെർബോങ്ങിലെ സ്കൂൾ ടീമിൽ ഇടംപിടിച്ച കോമൾ 2011ൽ നാംചി സ്പോർട്സ് അക്കാദമിയിലെത്തി.

2014ൽ അണ്ടർ 17 സെലക്‌‌ഷൻ ട്രയൽസ് വഴി ഇന്ത്യൻ ക്യാംപിലെത്തി.

കഴിഞ്ഞ വർഷം നടന്ന ബ്രിക്സ് കപ്പിൽ ബ്രസീലിനെതിരെ ഗോളടിച്ച കോമൾ തട്ടൽ രാജ്യാന്തര മൽസരങ്ങളിൽ ബ്രസീലിനെതിരെ ഗോൾ നേടിയ ആദ്യ ഇന്ത്യക്കാരനുമായി.

Top