ഡിജിലോക്കറില്‍ ഐ.ഡി പ്രൂഫ് ആയി സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ ഇന്ത്യന്‍ റെയില്‍വേ അംഗീകരിക്കും

train

ന്യൂഡല്‍ഹി:ട്രെയിന്‍ യാത്രയില്‍ പരിശോധനവേളയില്‍ ആധാര്‍ ,ഡ്രൈവിങ് ലൈസന്‍സ് രേഖകള്‍ ഡിജിലോക്കര്‍ വഴി കാണിക്കാമെന്ന് റെയില്‍വേ അറിയിച്ചു. ഈ രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഒരു യാത്രക്കാരന്റെ വ്യക്തിത്വത്തിന്റെ തെളിവായി സ്വീകരിക്കണമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടര്‍ എല്ലാ മേഖലകളിലെ മേഖലാ തലവന്‍മാരേയും അറിയിച്ചിട്ടുണ്ട്.

സുപ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഇവ ഓണ്‍ലൈനായി ഉപയോഗിക്കുതിനും സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഡിജിലോക്കര്‍. digilocker.gov.in എന്ന വെബ്സൈറ്റിലൂടെ ആധാര്‍കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ അക്കൗണ്ട് ആരംഭിക്കല്‍ നടപടികളിലേക്ക് കടക്കാം. പിന്നീട്, ആവശ്യമായ രേഖകള്‍ ഇതിലേക്ക് അപ്ലോഡ് ചെയ്യണം.

ഒരു ജിബി സ്റ്റോറേജാണ് ഡിജിലോക്കര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇതില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ രേഖകള്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന ഉടമസ്ഥാവകാശ രേഖകള്‍ ഉള്‍പ്പെടെയുള്ളവ ഡിജിറ്റലായി സൂക്ഷിക്കാം.

എന്‍ഡിഎ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഡിജിലോക്കര്‍. വിമാനയാത്രികര്‍ക്കും ഡിജിലോക്കര്‍ സംവിധാനത്തിലൂടെ വിമാനത്താവളത്തില്‍ രേഖകള്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു.

Top