പരാതിയും പരിഹാരവും ഒരു കുടകീഴില്‍; പുതിയ ആപ്പുമായി റെയില്‍വെ

RAILWAY

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഡിസൈറഡ് അസിസ്റ്റന്‍സ് ഡ്യൂറിംഗ് ട്രാവല്‍(MADAD) എന്ന പേരിലാണ് റെയില്‍വേയുടെ പുതിയ ആപ്പ്. ഈ മാസം അവസാനത്തോടെ ഈ ആപ്പിലൂടെ യാത്രക്കാര്‍ക്ക് പരാതി നല്‍കാനാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

റെയില്‍വേയുമായി ബന്ധപ്പെട്ട എല്ലാ പരാതി-പരിഹാര സംവിധാനങ്ങളെയും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരുന്ന സംവിധാനമായിരിക്കും പുതിയ ആപ്പ്. റെയില്‍വേയുടെ ഭക്ഷണത്തെക്കുറിച്ചും, ശുചിമുറിയുടെ വൃത്തിയെക്കുറിച്ചും പരാതിപ്പെടാമെന്നതിനൊപ്പം അടിയന്തര സേവനങ്ങള്‍ ആവശ്യപ്പെടാനും ആപ്പ് ഉപയോഗിക്കാം.

ആപ്പിലൂടെ നല്‍കുന്ന പരാതികള്‍ അതത് വകുപ്പുകളില്‍ നേരിട്ട് ചെന്നെത്തും. ഇതോടെ പരാതിയില്‍ പെട്ടെന്ന് ഇടപെട്ട് പരിഹാരമുണ്ടാക്കാനാവും. പരാതിക്കാര്‍ക്ക് അവരുടെ പരാതിയുടെ സ്ഥിതിവിവരങ്ങള്‍ യഥാസമയം അറിയാനും ആപ്പില്‍ സൗകര്യമുണ്ട്.

‘ യാത്രക്കാര്‍ക്ക് പരാതി നല്‍കാനായി ഇപ്പോള്‍ 14 ചാനലുകളാണുള്ളത്. ഓരോന്നിനും അതിന്റേതായ പ്രതികരണ സമയവുമുണ്ട്. ചിലത് സജീവമാണ്. ചിലത് നിര്‍ജീവവും. ഇതൊക്കെ ഒന്നിച്ച് ഒറ്റ ആപ്പില്‍ ലഭ്യമാക്കാനാണ് റെയില്‍വെയുടെ പദ്ധതി.

പി.എന്‍.ആര്‍ നമ്പര്‍ നല്‍കി പരാതി നല്‍കിക്കഴിഞ്ഞാല്‍ പരാതിയുടെ നമ്പര്‍ ആപ്പിലും എസ്.എം.എസ് ആയും ലഭിക്കും. പരാതി ബന്ധപ്പെട്ട വകുപ്പിന് ഉടന്‍ തന്നെ കൈമാറുകയും ചെയ്യും. മികച്ച റേറ്റിംഗ് കിട്ടുന്ന അഞ്ച് സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും പേരും മോശം റേറ്റിംഗ് കിട്ടുന്ന അഞ്ച് സ്റ്റേഷനുകളുടെയും ട്രൈയിനുകളുടെയും പേരുകള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും.

Top