യാത്രക്കാര്‍ക്കായുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്കായുള്ള സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്ത്യന്‍ റെയില്‍വേ അവസാനിപ്പിക്കുന്നു. യാത്രയ്ക്കിടെയുണ്ടാകുന്ന അപകടത്തില്‍ മരണം സംഭവിച്ചാല്‍ പരമാവധി 10 ലക്ഷം രൂപ വരെ ആശ്രിതര്‍ക്ക് ലഭിക്കുന്ന പദ്ധതിയാണു സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിര്‍ത്തലാക്കുന്നത്.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് സൗകര്യം വേണോ എന്ന് യാത്രക്കാര്‍ക്ക് തീരുമാനിക്കുന്ന തരത്തിലാണ് പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്.

ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2017 ഡിസംബര്‍ മുതലാണ് റെയില്‍വേ യാത്രക്കാര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിത്തുടങ്ങിയത്. അപകടത്തെ തുടര്‍ന്ന് വൈകല്യമുണ്ടായാല്‍ 7.5 ലക്ഷം രൂപയും പരിക്കേറ്റാല്‍ രണ്ട് ലക്ഷം രൂപയുമാണ് നല്‍കിയിരുന്നത്.

ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച പുതിയ ഉത്തരവ് ദിവസങ്ങള്‍ക്കകം പുറത്തിറങ്ങുമെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് എത്ര തുക നല്‍കണമെന്ന് വരുംദിവസങ്ങളില്‍ അറിയാനാകുമെന്ന് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Top