മോദി സര്‍ക്കാര്‍ ആ ‘മാര്‍ഗ്ഗം’ ഉപയോഗിച്ചാല്‍ ? ആകാംക്ഷയോടെ അന്താരാഷ്ട്ര സമൂഹം . .

Narendra Modi

ലോക നേതാക്കളില്‍ മുന്‍ നിരയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്ഥാനം. ഇന്ത്യ ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളും നിലപാടുകളുമാണ് അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയത്.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ഇന്ത്യന്‍ നിലപാടുകള്‍ ലോക രഷ്ട്രങ്ങളെ വലിയ രൂപത്തില്‍ സ്വാധീനിക്കാന്‍ തുടങ്ങിയതും വലിയ പരിഗണന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിച്ചതും നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ്.

യഥാര്‍ത്ഥത്തില്‍ നിലവിലുണ്ടായിരുന്ന വിദേശനയം തന്നെ പൊളിച്ചെഴുതിയാണ് അടുത്ത സൗഹൃദം ലോക രാഷ്ട്രതലവന്‍മാര്‍ക്കിടയില്‍ മോദി ഇപ്പോള്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. അതിവേഗം മുന്നേറുന്ന ചൈനയെ കടത്തിവെട്ടി ഇന്ത്യ സാമ്പത്തിക രംഗത്ത് മുന്നറുമെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നതാണ്.

കടുത്ത ശത്രുതയില്‍ നില്‍ക്കുന്ന അമേരിക്കയുമായും റഷ്യയുമായും ഒരേ സമയം സൗഹൃദം പങ്കിടാന്‍ കഴിയുന്നതും ആയുധ ഇടപാട് നടത്താന്‍ കഴിയുന്നതും ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണ്.

ലോകത്ത് ഏറ്റവും അധികം ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ഫ്രാന്‍സ്, ഇസ്രയേല്‍, ജപ്പാന്‍, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയുടെ ശക്തരായ പങ്കാളികളാണ്.

പാക്കിസ്ഥാനില്‍ കയറി മിന്നല്‍ ആക്രമണം നടത്താനും ദോക് ലാമില്‍ ചൈനയെ വെല്ലുവിളിക്കാനും ഇന്ത്യന്‍ സേന തയ്യാറായതും ഒരു പക്ഷേ മോദി പ്രധാനമന്ത്രി ആയത് കൊണ്ട് മാത്രമായിരിക്കും. രാഷ്ട്രീയ എതിരാളികള്‍ പോലും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണിത്.

പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യങ്ങളില്‍ കൂടുതല്‍ അഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായതും മോദി പ്രധാനമന്ത്രി ആയതിനു ശേഷമാണ്.

സാധാരണ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തമായി ഒരു ‘പവര്‍’ കേന്ദ്രമായി മാറാന്‍ മോദിക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വിമര്‍ശകര്‍ പോലും ചൂണ്ടിക്കാട്ടുന്ന യാഥാര്‍ത്ഥ്യമാണ്.

മോദിയുടെ വാക്കുകള്‍ക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ പ്രാധാന്യം കിട്ടാനും ആരാധകരുടെ കാര്യത്തില്‍ ആര്‍ക്കും അസൂയ ഉണ്ടാക്കുന്ന മുന്നേറ്റമുണ്ടാക്കാനും മോദിക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.

തുടങ്ങിവച്ച കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വീണ്ടും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് രാജ്യത്തെ സംബന്ധിച്ച് അനിവാര്യമായ കാര്യമായിട്ടാണ് ബി.ജെ.പി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.

ഇപ്പോള്‍ യു.പിയിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് തോല്‍വികളും തെലുങ്കുദേശം പാര്‍ട്ടി മുന്നണി വിട്ടതുമെല്ലാം ബി.ജെ.പിയുടെ രണ്ടാം ‘ഊഴത്തിനുള്ള’തിരിച്ചടിയായി ചിത്രീകരിക്കുന്നതില്‍ നേതാക്കള്‍ രോഷത്തിലാണ്.

പിഴവുകള്‍ തിരുത്തി മുന്നോട്ട് പോകാനുള്ള സുവര്‍ണ്ണാവസരമാണ് ഉപതിരഞ്ഞെടുപ്പ് ഫലം നല്‍കിയതെന്നാണ് അവരുടെ അവകാശവാദം.

എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് ബി.ജെ.പി വിരുദ്ധമുന്നണി ഉണ്ടാക്കിയാലും പ്രശ്‌നമില്ലന്ന നിലപാടുമായി മുന്നോട്ട് പോകുന്ന മോദി സര്‍ക്കാര്‍, കടുത്ത ‘നടപടി’യിലൂടെ ഈ വെല്ലുവിളി മറികടക്കുമെന്നാണ് ഇപ്പോള്‍ ദേശീയ തലത്തില്‍ പ്രചരിക്കുന്ന അഭ്യൂഹം.

പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രശ്‌നമുണ്ടാക്കി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലോക് സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഏത് നിമിഷവും ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കാന്‍ സാധ്യതയുണ്ടെന്നാണ് നയതന്ത്ര വിദഗ്ദരുടെ വിലയിരുത്തല്‍.

ഇത്തരമൊരു സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ പോയാല്‍ രാജ്യത്തിനകത്ത് ഉയരുന്ന ദേശീയ വികാരം മോദി സര്‍ക്കാറിന് അനുകൂലമാകുവാനാണ് സാധ്യത.

പാക്കിസ്ഥാന് സഹായം നല്‍കുന്ന ചൈനയെ സംബന്ധിച്ച് ഇന്ത്യയുമായി പ്രസ്താവനാ യുദ്ധം നടത്തുമെങ്കിലും പാക്ക്-ഇന്ത്യ ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ എത്രമാത്രം പാക്കിസ്ഥാനെ സഹായിക്കുമെന്ന കാര്യത്തില്‍ നയതന്ത്ര വിദഗ്ദര്‍ക്കിടയില്‍ തന്നെ സംശയങ്ങളുണ്ട്.

പ്രത്യേകിച്ച് അമേരിക്ക മാത്രമല്ല റഷ്യയും ഇന്ത്യക്ക് അനുകൂലമായി നില്‍ക്കുന്ന പശ്ചാത്തലത്തില്‍ സാഹസത്തിന് ചൈന മുതിരില്ലന്നതാണ് അനുമാനം.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് ഭീഷണിയെ നേരിടാന്‍ അമേരിക്ക, ജപ്പാന്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളെ അണിനിരത്തി ഇന്ത്യ നാവികാഭ്യാസം നടത്തിയതും ചൈനയെ ആശങ്കയിലാഴ്ത്തിയിരുന്നു.

റഷ്യ, ഫ്രാന്‍സ്, ഇസ്രയേല്‍ രാജ്യങ്ങളില്‍ നിന്നും കുടുതല്‍ ആയുധങ്ങളും പോര്‍വിമാനങ്ങളും വാങ്ങുന്നതും ചൈനയെ അസ്വസ്ഥമാക്കുന്ന നടപടിയാണ്.

തദ്ദേശീയമായി വികസിപ്പിച്ച ആണവായുധം ഘടിപ്പിക്കാന്‍ ശേഷിയുള്ള പുതു തലമുറ മിസൈലുകളുടെ പരീക്ഷണവും ഇന്ത്യ വിജയകരമായാണ് അടുത്തയിടെ പൂര്‍ത്തിയാക്കിയത്. ‘ഭൗതികമായ’ ഈ സാഹചര്യങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

പാക്കിസ്ഥാന്റെ കടന്നാക്രമണം അവസാനിപ്പിക്കാന്‍ പാക്ക് അധീന കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കണമെന്ന ആവശ്യം സൈന്യം ഏറെക്കാലമായി ഉയര്‍ത്തുന്നതാണ്. ഇപ്പോള്‍ ആര്‍.എസ്.എസും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

റിപ്പോര്‍ട്ട്: ടി അരുണ്‍കുമാര്‍

Top