ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വന്‍ വിപുലീകരണത്തിന് തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ( ഐ ഒ സി) വന്‍ വിപുലീകരണത്തിന് തയ്യാറെടുക്കുന്നു. റിഫൈനിംഗ് ശേഷി വര്‍ധിപ്പിക്കല്‍, പെട്രോകെമിക്കല്‍ ഉത്പ്പാദനം ശക്തിപ്പെടുത്തല്‍, ഗ്യാസ് ബിസിന് വിപുലീകരണം, പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി 1.75 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്താന്‍ ആരംഭിക്കുന്നതെന്ന് സഞ്ജീവ് സിംഗ് പറഞ്ഞു.

ക്രൂഡ് ഓയിലില്‍ നിന്ന് പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള ശേഷി 2030 ഓടെ 150 മില്യണ്‍ ടണ്ണാക്കി ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലിത് 80. 7 മില്യണ്‍ ടണ്ണാണ്. ഊര്‍ജ്ജ രംഗത്തെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ഐ ഒ സി വളര്‍ന്നുവരുന്ന എല്ലാ അവസരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പ്രസ്താവനയില്‍ സിംഗ് പറയുന്നു.

രാജ്യത്ത ഏറ്റവും ലാഭകരമായ പൊതുമേഖല കമ്പനിയെന്ന സ്ഥാനം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കിയിരുന്നു. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പ്പറേഷനെ (ഒഎന്‍ജിസി) പിന്നിലാക്കിയാണ് ഐഒസി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

2018 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 21,346 കോടി രൂപയെന്ന റിക്കോര്‍ഡ് അറ്റ ലാഭമാണ് ഐഒസി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ 19,106 കോടി രൂപയില്‍ നിന്ന് 12 ശതമാനം ഉയര്‍ച്ചയാണ് അറ്റാദായത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.

2017-18 ല്‍ 6,357 കോടി രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന അറ്റാദായമാണ് മറ്റൊരു പൊതുമേഖല എണ്ണക്കമ്പനിയായ എച്ച്പിസിഎല്‍ നേടിയത്. കമ്പനിയുടെ മൊത്തം വിറ്റുവരവ് 2.43 ലക്ഷം കോടിയാണ്.

Top