ഇന്ത്യന്‍ നിയമ സംവിധാനം ധനികര്‍ക്ക് ഗുണവും, പാവങ്ങള്‍ക്ക് അടിയും ; ലോ കമ്മീഷന്‍

ന്യൂഡല്‍ഹി:  ഇന്ത്യയിലെ നിയമസംവിധാനം ധനികര്‍ക്ക് പ്രയോജനപ്രദവും ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങാവുന്നതല്ലെന്നും ലോ കമ്മീഷന്‍ ചെയര്‍മാന്‍.

നിയമസംവിധാനം വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള ചെലവ് വളരെ വലുതാണെന്നും, സങ്കീര്‍ണതകളും ഏറെയാണെന്നും, തനിക്കുപോലും ‘വലിയ അഭിഭാഷകരു’ടെ ചെലവു താങ്ങാനാവില്ലെന്നും കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ പറഞ്ഞു.

ഇന്ത്യയുടെ ജാമ്യ നിബന്ധനകളും ഏറെ സങ്കീര്‍ണത നിറഞ്ഞതാണെന്നും, ഇതു പാവപ്പെട്ടവരെ ജയിലഴികള്‍ക്കുള്ളില്‍ കിടത്തുമെന്നും, വിചാരണ മുഴുവന്‍ അനുഭവിക്കേണ്ടിവരുമെന്നും, എന്നാല്‍ സമ്പന്നര്‍ക്ക് ജാമ്യം ലഭിക്കാന്‍ എളുപ്പമാണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു നടന്ന സെമിനാറില്‍ എന്തുകൊണ്ട് നമ്മുടെ നിയമസംവിധാനവും ജാമ്യ വ്യവസ്ഥകളും ഇത്രമേല്‍ സങ്കീര്‍ണമായി എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പാവപ്പെട്ടയാള്‍ക്ക് അറസ്റ്റിലാകുന്നതിനു മുന്‍പ് മുന്‍കൂറായി ജാമ്യം തേടാന്‍ ആലോചിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും, സമ്പന്നര്‍ക്ക് അതെളുപ്പം സാധിക്കുമെന്നും ലോ കമ്മീഷന്‍ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും നിയമസംവിധാനത്തില്‍ ഇടംകൊടുക്കുന്നതില്‍ ‘വലിയ അഭിഭാഷകര്‍’ കാട്ടുന്ന വേര്‍തിരിവിനെയും ചൗഹാന്‍ കുറ്റപ്പെടുത്തി.

എത്ര വലിയ കുറ്റമാണെങ്കിലും വലിയ അഭിഭാഷകര്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുമെന്നും, ഞാന്‍ സുപ്രീം കോടതി ജഡ്ജിയായാണ് വിരമിച്ചതെന്നും, ഇപ്പോള്‍ എനിക്കൊരു കേസ് വന്നാല്‍, ഇത്തരം അഭിഭാഷകരുടെ ചെലവു വഹിക്കാനാകില്ലെന്നും, ടാക്‌സികള്‍പോലെ മണിക്കൂറുകള്‍ക്കും ദിവസങ്ങള്‍ക്കുമാണ് അവര്‍ പണം ഈടാക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രാദേശിക ഭാഷകള്‍ക്കു പകരം കോടതികള്‍ ഇംഗ്ലിഷ് ഉപയോഗിക്കുന്നതിനെയും നിയമ കമ്മിഷന്‍ എതിര്‍ത്തു. പ്രാദേശിക ഭാഷകളായാലേ പാവപ്പെട്ടവര്‍ക്കു മനസ്സിലാകുകയുള്ളൂ എന്നും, അവ സ്വീകരിക്കുന്നതില്‍ നമ്മള്‍ നാണിക്കുന്നത് എന്തിനാണെന്നും, കക്ഷികള്‍ക്ക് മനസ്സിലാകാതെയുള്ള വാദപ്രതിവാദം പ്രസക്തമാണോയെന്നും അദ്ദേഹം ചോദിച്ചു.

തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഭാഗ്യക്കേടുകൊണ്ടു മാത്രം ജയിലില്‍ എത്തുന്നവരുമുണ്ടെന്ന് ഓര്‍ക്കണമെന്നും, ഇത്തരം സെമിനാറുകളില്‍നിന്ന് ഇവയ്ക്കുള്ള ഉത്തരം കണ്ടെത്തണമെന്നും അതു ഡല്‍ഹി സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിക്കുന്നവയുമാകണമെന്നും ചൗഹാന്‍ വ്യക്തമാക്കി.

ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, ഡല്‍ഹി സര്‍വകലാശാല സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്, മനുഷ്യാവകാശ സംഘടനയായ കോമണ്‍വെല്‍ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് എന്നിവ തിഹാര്‍ ജയിലുമായി ചേര്‍ന്നാണ് സെമിനാര്‍ നടത്തിയത്.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡല്‍ഹി ജയില്‍ ഡിജിപിയും ചടങ്ങില്‍ പങ്കെടുത്തു.

Top