മാലിദ്വീപ് ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവ് മാറ്റുരയ്ക്കുന്ന പ്രതിസന്ധി

modi

ന്യൂഡല്‍ഹി: മാലിദ്വീപിലെ പ്രതിസന്ധി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവ് മാറ്റുരയ്ക്കുന്ന പ്രതിസന്ധിയായി മാറുന്നു.

ഇന്ത്യയുടെ ഇടപെടല്‍ ഭയന്ന് ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ രാജ്യങ്ങളിലേക്ക് പ്രത്യേക ദൂതന്‍മാരെ അയച്ച ചൈനീസ് അനുകൂലിയായ മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീനിന്റെ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിട്ടുണ്ട്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെയടക്കം തടവിലാക്കി മാലിദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യ സൈനികരെ റെഡിയാക്കി നിര്‍ത്തിയിരുന്നു.

മുന്‍ മാലിദ്വീപ് പ്രസിഡന്റും പ്രതിപക്ഷനേതാവുമായ മുഹമ്മദ് നഷീദ് ഇന്ത്യയുടെ സൈനിക ഇടപെടല്‍ ആവശ്യപ്പെടുക കൂടി ചെയ്തതോടെയാണ് മാലിദ്വീപ് ഭരണകൂടവും ഇപ്പോള്‍ സ്വയം ‘രക്ഷ’ തേടിയിരിക്കുന്നത്.

ഇന്ത്യന്‍ സേനയെ തടയാന്‍ ചൈനീസ് സഹായമാണ് പ്രധാനമായും മാലിദ്വീപ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളില്‍ സ്വാധീനമുറപ്പിക്കുന്നത് ഒരു ‘നയമായി’ തീരുമാനിച്ച ചൈന മാലി ദ്വീപില്‍ നിരവധി പദ്ധതികള്‍ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

ശ്രീലങ്ക, നേപ്പാള്‍, ബാംഗ്ലാദേശ് എന്നിവടങ്ങളെ പോലെ ഇന്ത്യയെ ‘വളയാന്‍’ തന്ത്രപ്രധാനമായ മാലിദ്വീപ്യം അനിവാര്യമാണെന്ന ലക്ഷ്യത്തോടെയാണ് ചൈന ഈ രാജ്യത്ത് മൂലധനമിറക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ പരമായി ഏറെ പ്രധാനപ്പെട്ട പ്രദേശമാണ് ചുറ്റും കടലിനാല്‍ വലയം ചെയ്യപ്പെട്ട ഈ ദ്വീപ് എന്നതിനാല്‍ എന്ത് വില കൊടുത്തും ഇവിടെ ഇടപെട്ടേ മതിയാകൂ.

കൊച്ചിയില്‍ നിന്നും ചെന്നൈയില്‍ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപാണിത്.

1988-ല്‍ തമിഴ് പുലികളില്‍ നിന്നും തെറ്റി പിരിഞ്ഞ പീപ്പിള്‍സ് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് തമിഴ് ഈഴം എന്ന സംഘടനയുടെ സഹായത്തോടെ മാലിദ്വീപില്‍ അട്ടിമറി നടന്നപ്പോള്‍ ഇന്ത്യന്‍ സേന ഇറങ്ങിയാണ് തീവ്രവാദികളെയും വിമതരെയും തുരത്തിയിരുന്നത്.

ഈ സൈനിക നടപടി ഓര്‍മ്മയില്‍ ഉള്ളത് കൊണ്ടാണ് ഇപ്പോള്‍ മാലിദ്വീപിലെ ചൈനീസ് അനുകൂല ഭരണകൂടം ചൈനയുടെയും മറ്റും സഹായം തേടിയിരിക്കുന്നത്.

എന്നാല്‍ ചൈനയും പാക്കിസ്ഥാനും സഹായിച്ചാല്‍ പോലും ഭൂമിശാസ്ത്രപരമായി സെക്കന്റുകള്‍ക്കുള്ളില്‍ ഇടപെടാന്‍ കഴിയുന്ന ഇന്ത്യന്‍ സേനയെ പ്രതിരോധിക്കുക എളുപ്പമല്ല.

മാത്രമല്ല അമേരിക്കയുടെ സൈനിക താവളവും ഈ ദ്വീപിന് അടുത്ത് ഉള്ളതിനാല്‍ ഇന്ത്യയെ പോലെ അമേരിക്കയും ഗൗരവമായാണ് സ്ഥിതിഗതികള്‍ വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

ചൈന ആധിപത്യം ഉറപ്പിക്കുന്നതിനു മുന്‍പ് അവസരം മുതലാക്കി ഇന്ത്യ മാലി ദ്വീപില്‍ സ്വാധീനമുറപ്പിക്കണമെന്നതാണ് അമേരിക്കയുടെ ആഗ്രഹം. മാലി ദ്വീപിലെ ജനങ്ങള്‍ക്കിടയിലെ ഇന്ത്യന്‍ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.

അവശ്യസാധനങ്ങള്‍ക്കായും ചികിത്സക്കായും ഉന്നത വിദ്യാഭ്യാസത്തിന്നായും മാലിദ്വീപിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.

അതേ സമയം ചൈന സൈനികമായി ഇടപെടാന്‍ തുനിഞ്ഞാല്‍ അമേരിക്കന്‍ സഖ്യകക്ഷികള്‍ കടുത്ത നിലപാട് സ്വീകരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ച് പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച് വലിയ അഗ്‌നിപരീക്ഷണമാണ് തൊട്ടു മുന്നിലുള്ളത്.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ കരുത്തുറ്റ ഭരണാധികാരിയായി ചിത്രീകരിക്കപ്പെടുന്ന മോദിക്ക് മാലിദ്വീപില്‍ ‘നയതന്ത്രം’ പിഴച്ചാല്‍ അതിന് രാജ്യം തന്നെ വലിയ വില നല്‍കേണ്ട സാഹചര്യം ഉണ്ടായേക്കാം. മോദിയുടെ നേതൃത്വവും ചോദ്യം ചെയ്യപ്പെടും.

മറിച്ച് ശക്തമായ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞാല്‍ അത് മോദിക്ക് മാത്രമല്ല കേന്ദ്ര സര്‍ക്കാറിനും ഒരു പൊന്‍ തൂവലായി മാറും.

2019- ല്‍ ലോക് സഭാ തിരഞ്ഞെടുപ്പിനെ നേരിടാനും അത്തരമൊരു നയതന്ത്ര വിജയം വലിയ ആത്മവിശ്വാസം നല്‍കുകയും ചെയ്യും.

റിപ്പോര്‍ട്ട് : ടി അരുണ്‍കുമാര്‍

Top