Indian-American Lawyer Preet Bharara Fired After Refusing To Quit

ന്യൂയോര്‍ക്ക്: രാജിവയ്ക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ വംശജനായ ന്യൂയോര്‍ക്ക് അറ്റോര്‍ണിയെ ട്രംപ് പുറത്താക്കി. അറ്റോര്‍ണി പ്രീത് ഭരാരെയെയാണ് ട്രംപ് ഭരണകൂടം പുറത്താക്കിയത്.

ഭരാരെയോട് നേരത്തെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജി ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ച 46 അറ്റോര്‍ണിമാരോടാണ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിയാവശ്യപ്പെട്ടത്. മുന്‍ ഭരണത്തില്‍ നിയമിച്ചവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി.പക്ഷെ ഭരാരെ രാജിവയ്ക്കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.

അമേരിക്കന്‍ ഓഹരിവ്യാപാരകേന്ദ്രമായ വാള്‍സ്ട്രീറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഭരാരെയെ പ്രശസ്തനാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നൂറിലേറെ സാമ്പത്തികസ്ഥാപനമേധാവികളെയാണ് കുറ്റവിചാരണ ചെയ്തത്. പല വന്‍കിടസ്ഥാപനങ്ങള്‍ക്കും പിഴയീടാക്കാനും അദ്ദേഹം മടിച്ചില്ല. ന്യൂയോര്‍ക്കില്‍ അഴിമതിക്കേസില്‍ ഒട്ടേറെ രാഷ്ട്രീയക്കാര്‍ക്കുനേരേ ഭരാരെ നടപടി സ്വീകരിച്ചു.

മുന്‍ സ്പീക്കര്‍ ഷെല്‍ഡല്‍ സില്‍വറിന് 12 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനുപിന്നില്‍ ഭരാരെ നടത്തിയ നിയമപോരാട്ടങ്ങളാണ്.

2013ല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയെ അമേരിക്കയില്‍ അറസ്റ്റുചെയ്ത സംഭവത്തില്‍ ശക്തമായി പ്രതികരിച്ചതും ഇദ്ദേഹമായിരുന്നു.

ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് വിദേശകാര്യസെക്രട്ടറിയായിരുന്ന ജോണ്‍ കെറി സംഭവത്തില്‍ ഖേദംപ്രകടിപ്പിച്ചു. പഞ്ചാബിലെ ഫിറോസ്പുരിലാണ് ഭരാരെ ജനിച്ചത്. 2009ലാണ് അറ്റോര്‍ണിയായി നിയമിതനാകുന്നത്.

Top