India will surpass China as the spectacular improvement in the rate of economic growth.

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ ഏറ്റവും അധികം വിമര്‍ശനത്തിന് ഇടയാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കാര്യമായ ക്ഷതമേല്‍പ്പിച്ചില്ലന്ന് റിപ്പോര്‍ട്ട്.

ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍, 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്ത്, ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് കഴിഞ്ഞുവെന്ന സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ഇതോടുകൂടി വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തി എന്ന പേര് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു. വന്‍ സാമ്പത്തിക ശക്തിയായ ചൈനയുടെ വളര്‍ച്ചാ നിരക്ക് 6.8 ശതമാനം മാത്രമാണ്.

നോട്ട് പിന്‍വലിക്കല്‍ കാരണം, ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.1 ശതമാനം വരെ താഴുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും കൂടിയ വളര്‍ച്ചാ നിരക്കാണ് ഇത്തവണ രേഖപ്പെടുത്തിയത്. രണ്ടാംപാദത്തില്‍ 7.3 ശതമാനമായിരുന്നു രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്.

വ്യാപാരം, ഹോട്ടല്‍ വ്യവസായം, ഗതാഗതം, വാര്‍ത്ത വിനിമയം എന്നീ മേഖലകളിലെല്ലാം 7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മല്‍സ്യബന്ധനം, ഖനനം, വൈദ്യുതി, കെട്ടിട നിര്‍മാണം എന്നീ മേഖലകളില്‍ 1.3 മുതല്‍ 6.5 ശതമാനം വരെ വളര്‍ച്ചയും രേഖപ്പെടുത്തി.

മാര്‍ച്ച് 31ന് അവസാനിക്കുന്ന നാലാം പാദത്തില്‍, ജി.ഡി.പി വളര്‍ച്ച നിരക്ക് 7.1 ശതമാനം നിലനിര്‍ത്തുമെന്നും സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്

Top