ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം ; കെ സി എ ക്കെതിരെ പ്രതിഷേധവുമായി ഫുട്‌ബോള്‍ ആരാധകര്‍

kaloor-stadium

കൊച്ചി : നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താനിരിക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഏകദിന മത്സരത്തിന് എതിര്‍പ്പുകളുമായി ഫുട്‌ബോള്‍ ആരാധകര്‍. ഇതിനെതിരെ പ്രതിഷേധവുമായി പ്രമുഖരും രംഗത്തു വന്നിട്ടുണ്ട്.

മത്സരം കൊച്ചിയില്‍ നടത്താനുള്ള കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനത്തിനെതിരെ എന്‍.എസ് മാധവനടക്കമുള്ള പ്രമുഖര്‍ രംഗത്ത് വന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരം സി.കെ.വിനീതും, ഇയാന്‍ ഹ്യൂമും ഇതിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തിയിരുന്നു. കെ.സി.എ യുടെ പിടിവാശി മാത്രമാണിതെന്നും, ക്രിക്കറ്റ് മത്സരത്തിനായി പിച്ച് ഒരുക്കുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫ് നശിക്കുമെന്നും ഫുട്‌ബോള്‍ പ്രേമികള്‍ പറയുന്നു.

കൊച്ചിയില്‍ മത്സരം നടത്താനുള്ള കെസിഎ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം ബിസിസിഐ സിഒഎ (കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ്) വിനോദ് റായിയെ അറിയിച്ചതായും ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു. തിരുവനന്തപുരം കാര്യവട്ടത്ത് ക്രിക്കറ്റ് മത്സരം നടത്താനുള്ള എല്ലാ സൗകര്യവും ഉണ്ടായിരിക്കേ കൊച്ചി തെരഞ്ഞെടുത്ത കെസിഎ തീരുമാനം പരിശോധിക്കേണ്ടതുണ്ടെന്നും തരൂര്‍ വിനോദ് റായിയോട് ആവശ്യപ്പെട്ടു.

നിലവില്‍ കൊച്ചിയിലേത് ഫിഫ നിലവാരത്തിലുള്ള ഫുട്‌ബോള്‍ ടര്‍ഫാണ്. വലിയ ബഡ്ജറ്റില്‍ സ്ഥാപിച്ച അത്തരമൊരു ടര്‍ഫ് വീണ്ടും സ്ഥാപിക്കാന്‍ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ സമയമെടുക്കും. കൊച്ചിയിലെ ഡ്രെസ്സിംഗ് റൂം ഉള്‍പ്പെടെയുള്ള പല സൗകര്യങ്ങളും ഇപ്പോള്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് യോജിക്കുന്ന വിധത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു. ഒരൊറ്റ ദിവസത്തെ ക്രിക്കറ്റ് മത്സരത്തിന് വേണ്ടി ഇക്കാര്യങ്ങളെല്ലാം നശിപ്പിക്കേണ്ടി വരും.

അതേ സമയം ഈ വര്‍ഷം നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ വെസ്റ്റിന്‍ഡീസുമായുള്ള ഏകദിനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. 2014 ലാണ് അവസാനമായി ഇവിടെ ഏകദിന മത്സരം നടക്കുന്നത്. പിന്നീട് അണ്ടര്‍ 17 ലോകകപ്പിന് വേണ്ടി ഇവിടുത്തെ ക്രിക്കറ്റ് പിച്ച് നീക്കം ചെയ്തിരുന്നു. അത് കൊണ്ടു തന്നെ നവംബറില്‍ ഇവിടെ ക്രിക്കറ്റ് മത്സരം നടത്തണമെങ്കില്‍ പുതിയ ക്രിക്കറ്റ് പിച്ച് സ്ഥാപിക്കേണ്ടി വരും. പുതിയ പിച്ച് നിര്‍മ്മാണത്തിനിടെ സ്വാഭാവികമായും സ്റ്റേഡിയത്തിലെ ഫുട്‌ബോള്‍ ടര്‍ഫിന് കേടുപാടുകള്‍ സംഭവിക്കാനും സാധ്യതയുണ്ട്.

നേരത്തെ തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സരം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ യുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മത്സരം കൊച്ചിയില്‍ തന്നെ നടത്താന്‍ കെ.സി.എ തീരുമാനിക്കുകയായിരുന്നു.

Top