നാവികാഭ്യാസം നാറ്റോ മോഡൽ സഖ്യമോ ? ചൈനക്കും പാക്കിസ്ഥാനും വൻ വെല്ലുവിളി

ന്യൂഡല്‍ഹി: ചൈനീസ് – പാക്ക് അതിര്‍ത്തികളില്‍ ഒരു തീപ്പൊരി വീണാല്‍ പൊട്ടിത്തെറിക്കുന്ന അസാധാരണ സാഹചര്യം മുള്‍മുനയില്‍ നിര്‍ത്തുന്നത് ലോക ജനതയെ.

സാധാരണ പ്രകോപനത്തിനും വാശിക്കും ഒന്നും പോകാത്ത ‘സമാധാന’ രാജ്യമായ ഇന്ത്യ ഇന്ന് ആണവശക്തികളായ രണ്ട് രാജ്യങ്ങളെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് മാറിയത് അമ്പരപ്പോടെയാണ് ലോകം വീക്ഷിക്കുന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായിരിക്കെ അമേരിക്ക- ജപ്പാന്‍ എന്നീ വന്‍ ശക്തികള്‍ക്കൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന നാവികാഭ്യാസം ശക്തമായ മുന്നറിയിപ്പാണ് ചൈനക്കും പാക്കിസ്ഥാനും നല്‍കുന്നത്.

ഇന്ത്യയെ ആക്രമിക്കുന്ന ഏത് സാഹചര്യത്തെയും പ്രതിരോധിക്കാനും ഇന്ത്യക്കൊപ്പം കൂടി ആക്രമിക്കാനും തയ്യാറാണെന്ന ഒരു തുറന്ന പ്രഖ്യാപനം കൂടിയാണ് അമേരിക്കയും ജപ്പാനും തിങ്കളാഴച നടത്തിയത്.

second

മുന്‍പ് സോവിയറ്റ് യൂണിയന്റെ (റഷ്യ) ഭീഷണിയെ ചെറുക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാറ്റോ മോഡല്‍ സഖ്യത്തിന്റെ സൂചന നല്‍കുന്നതാണ് ഇപ്പോള്‍ ഇന്ത്യ – അമേരിക്ക- ജപ്പാന്‍ സംയുക്ത നീക്കമെന്നാണ് ചൈനയുടെ വിലയിരുത്തല്‍.

പരമ്പരാഗത വൈരികളായ റഷ്യ അമേരിക്കയുമായി ചേരില്ലെങ്കിലും ഇന്ത്യയുടെ കാര്യം വരുമ്പോള്‍ റഷ്യ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ ചൈനക്കും പാക്കിസ്ഥാനും ആശങ്കയുണ്ട്.

ഇന്ത്യയുമായി അനവധി വര്‍ഷങ്ങളായി സൈനിക സഹകരണമുള്ള രാജ്യമാണ് റഷ്യ.

ഒരേ സമയം അമേരിക്കയുടെയും റഷ്യയുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ നേട്ടം.

ചൈനയുടെയും പാക്കിസ്ഥാന്റെയും അയല്‍ രാജ്യങ്ങളിലും തര്‍ക്ക പ്രദേശങ്ങളിലും ഇന്ത്യക്കു തന്നെയാണ് സ്വാധീനം കൂടുതല്‍.

ഇതു തന്നെയാണ് ഈ ‘ശത്രു’ രാജ്യങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതും പരിഭ്രാന്തരാക്കുന്നതും.

ജനസംഖ്യയില്‍ മാത്രമല്ല, സാമ്പത്തികമായും ചൈനയെ മറികടക്കുന്ന വളര്‍ച്ചയിലേക്കാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നതെന്ന പഠന റിപ്പോര്‍ട്ടുകള്‍ ചൈനീസ് ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുന്നതാണ്.

ചൈനയുടെ മാത്രം പിന്തുണയില്‍ മുന്നോട്ട് പോകുന്ന പാക്കിസ്ഥാന് ചൈനയില്ലാത്ത ഒരു സാഹചര്യം സങ്കല്‍പ്പിക്കാന്‍ പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കഴിയുകയില്ല.

ഈ സാഹചര്യത്തിലാണ് ഭൂട്ടാന്‍ അതിര്‍ത്തിയില്‍ പിടിമുറുക്കാന്‍ ചൈന മുന്നോട്ട് വന്നത്. ഇതേ സമയം തന്നെ കാശ്മീരില്‍ സംഘര്‍ഷം രൂക്ഷമാക്കി പാക്കിസ്ഥാനും ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ശ്രമവും നടത്തി.

എന്നാല്‍ ഈ രണ്ട് രാജ്യങ്ങളുടെയും എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് പ്രത്യാക്രമണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച ഇന്ത്യ പാക്ക് – ചൈനീസ് അതിര്‍ത്തികളിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുയാണുണ്ടായത്.

ഭൂട്ടാനില്‍ കയറി തര്‍ക്ക പ്രദേശമായ ദോക് ലായില്‍ പീരങ്കികള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി വന്‍തോതില്‍ സൈന്യത്തെ വിന്യസിച്ച ഇന്ത്യ ഭീഷണിക്ക് വഴങ്ങില്ലെന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

photo 2

ചൈനയും സമാനമായ രീതിയില്‍ വന്‍ സന്നാഹം ഒരുക്കി ഭീഷണി ഉയര്‍ത്തി നില്‍ക്കെയാണ് അമേരിക്ക- ജപ്പാന്‍ രാജ്യങ്ങളുമായി സഹകരിച്ച് ഇപ്പോള്‍ ഇന്ത്യ സൈനികാഭ്യാസത്തിന് തുടക്കമിട്ടിരിക്കുന്നത്.

കടലിന് അതിര്‍വരമ്പ് നിശ്ചയിച്ച ചൈനക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.

ദോക് ലായില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാതെ ചര്‍ച്ചയില്ലെന്ന് പറഞ്ഞ ചൈനയെ തിരിച്ച് സമര്‍ദ്ദത്തിലാക്കുന്ന നടപടിയാണിത്.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അരങ്ങേറിയ ‘മലബാര്‍’ നാവിക അഭ്യാസ പ്രകടനത്തില്‍ അണിനിരന്നത് ഇന്ത്യ-യുഎസ്-ജപ്പാന്‍ നാവിക സേനകളുടെ പുത്തന്‍ സാങ്കേതികവിദ്യകളും യുദ്ധോപകരണങ്ങളും ജലയാനങ്ങളും ആണ്.

ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയും നാവികസേനയുടെ 10 യുദ്ധക്കപ്പലുകളുമാണു മലബാര്‍ അഭ്യാസപ്രകടനത്തില്‍ പങ്കെടുത്തത്. ഐഎന്‍എസ് ജലശ്വാ, ഐഎന്‍എസ് സഹ്യാദ്രി, ഐഎന്‍എസ് രണ്‍വീര്‍, ഐഎന്‍എസ് ശിവാലിക്, ഐഎന്‍എസ് ജ്യോതി, ഐഎന്‍എസ് കൃപാണ്‍, ഐഎന്‍എസ് കോറ, ഐഎന്‍എസ് കമോര്‍ത്ത, ഐഎന്‍എസ് കാഡ്മാട്, ഐഎന്‍എസ് സുകന്യ എന്നിവയാണ് ആഭ്യാസപ്രകടനങ്ങളില്‍ പങ്കെടുത്ത മറ്റ് കപ്പലുകള്‍. ഇതു കൂടാതെ ഐഎന്‍എസ് സിന്ധുധ്വജ് എന്ന അന്തര്‍വാഹിനിയും ഇത്തവണത്തെ മലബാര്‍ അഭ്യാസപ്രകടനത്തില്‍ വരവറിയിച്ചു.

യുഎസ്എസ് നിമിറ്റ്‌സ് എന്ന വിമാനവാഹിനി കപ്പലിന്റെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കര്‍ സംഘമാണ് മലബാര്‍ പരിശീലനത്തിനായി യുഎസില്‍ നിന്ന് എത്തിയത്. നിമിറ്റ്‌സിന് അകമ്പടി സേവിക്കുന്ന യുഎസ്എസ് പ്രിന്‍സ്റ്റണ്‍, യുഎസ്എസ് ഹൊവാര്‍ഡ്, യുഎസ്എസ് ഷൗപ്, യുഎസ്എസ് പിന്‍കിനി, യുഎസ്എസ് കിഡ് എന്നീ യുദ്ധക്കപ്പലുകളും യുഎസ്എസ് ജാക്‌സണ്‍വില്ലേ എന്ന അന്തര്‍വാഹിനിയും പരിശീലനത്തില്‍ പങ്കെടുത്തു. നിമിറ്റ്‌സില്‍ തന്നെ 5,000 യുഎസ് നാവിക സേന ഉദ്യോഗസ്ഥരാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിലൊന്നായ ജപ്പാന്റെ ജെഎസ് ഇസുമോയും ജെഎസ് സസാനമിയുമാണ് ജപ്പാനെ പ്രതിനിധീകരിച്ചത്.

ഇന്ത്യ-യുഎസ്-ജപ്പാന്‍ സംയുക്ത നാവിക അഭ്യാസമായ മലബാറില്‍ പങ്കെടുക്കാന്‍ യുഎസില്‍നിന്ന് എണ്ണായിരത്തിലേറെ നാവികരാണ് എത്തിയത്. ജപ്പാനില്‍ നിന്ന് ആയിരത്തിനടുത്ത് നാവികര്‍. ഇവരെല്ലാം ഇന്ത്യന്‍ സേനയോടൊത്തു സംയുക്ത അഭ്യാസത്തില്‍ പങ്കെടുത്തു. നൂറിലേറെ യുദ്ധവിമാനങ്ങളും സൈനിക ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. ഇന്ത്യയുടെയും യുഎസിന്റെയും രണ്ട് അന്തര്‍വാഹിനികളും അഭ്യാസപ്രകടനത്തില്‍ പങ്കാളികളായി.

photo 1

സംയുക്ത നാവികാഭ്യാസം നടത്തുക വഴി ഇന്ത്യയ്ക്ക് നേരെ നടക്കുന്ന ഏത് ആക്രമണങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കുമെന്ന സന്ദേശമാണ് അമേരിക്കയും ജപ്പാനും നല്‍കിയിരിക്കുന്നത്.

Top