ഇന്ത്യന്‍ ദേശീയ പതാക കീറിയ സംഭവം: നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തിനിടെ ത്രിവര്‍ണ പതാക കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ബ്രിട്ടനോട് ഇന്ത്യ. സംഭവത്തില്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ബ്രിട്ടന്‍ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി.

സംഭവത്തില്‍ യു.കെ.സര്‍ക്കാര്‍ നേരത്തെ ഇന്ത്യയോട് മാപ്പ് പറഞ്ഞിരുന്നു. മോദിയുടെ ലണ്ടന്‍ സന്ദര്‍ശനത്തിനിടെ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറിലാണ് പ്രതിഷേധം അരങ്ങേറിയത്. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണവുമുണ്ടായി.

ദേശീയ പതാകയെ അപമാനിച്ചതില്‍ ദുഃഖമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവനീഷ് കുമാര്‍ പ്രതികരിച്ചു. ബ്രീട്ടീഷ് സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

‘മോദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ’ എന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധത്തില്‍ യുകെയിലെ സിഖ് സംഘടനകളും പാകിസ്താന്‍ സംഘടനകളും പങ്കെടുത്തു.

Top