india to release 39 pak prisoners on march

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്ന പാക് തടവുകാരായ 39 പേരെ മോചിപ്പിക്കാന്‍ തീരുമാനം.

സമുദ്രാതിര്‍ത്തി ലംഘിച്ച 18 മത്സ്യത്തൊഴിലാളികളെയും ശിക്ഷാ കാലാവധി കഴിഞ്ഞ 21 തടവുകാരെയുമാണ് മോചിപ്പിക്കുന്നത്.

മാര്‍ച്ച് ഒന്നിനാകും തടവുകാരെ പാകിസ്താന് കൈമാറുക. മോചിപ്പിക്കേണ്ടവരെ കണ്ടെത്തിയിട്ടുണ്ടെന്നും പാകിസ്താന്‍ ഇവരുടെ പൗരത്വം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അടുത്തിടെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ നേതാവുമായ ഹാഫിസ് സയീദിനെ പാകിസ്താന്‍ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. സയീദിനെയും കൂട്ടാളികളെയും ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്‍മദിനമായ ഡിസംബര്‍ 25ന് ഇരുന്നൂറോളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്താന്‍ മോചിപ്പിച്ചിരുന്നു. ഇവരെ രണ്ടുതവണയായി വാഗാ അതിര്‍ത്തിയില്‍ എത്തിക്കുകയായിരുന്നു.

നേരത്തേ, നിയന്ത്രണ രേഖ മുറിച്ചുകടന്നതിനെ തുടര്‍ന്ന് പാക് പിടിയിലായ ഇന്ത്യന്‍ സൈനികന്‍ ബാബുലാല്‍ ചവാനെ മോചിപ്പിച്ച ശേഷം ശിക്ഷാ കാലാവധി തീര്‍ന്ന 33 തടവുകാരെ വിട്ടയക്കണമെന്ന് ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിത്ത് ആവശ്യപ്പെട്ടിരുന്നു.

Top