ഇന്ത്യൻ സേനയുടെ ഭീകരവിരുദ്ധ വേട്ട ശക്തം, പാക്ക് സേനക്ക് ഐ.എസ്.ഐ മുന്നറിയിപ്പ്

soldiers

ന്യൂഡല്‍ഹി: ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പാക്ക് സൈന്യത്തിന് ചാരസംഘടന ഐ.എസ്.ഐയുടെ നിര്‍ദ്ദേശം.

പൊതുതെരഞ്ഞെടുപ്പിനെ പാക്കിസ്ഥാന്‍ നേരിടുന്ന പശ്ചാത്തലവും ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യവും പാക്ക് സൈന്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് ഐ.എസ്.ഐയുടെ വിലയിരുത്തല്‍. അതിര്‍ത്തിയിലെ ഭീകരരെ ഉന്മൂലനം ചെയ്യാന്‍ പുതിയ പദ്ധതികള്‍ ഇന്ത്യന്‍ സൈന്യം ആസൂത്രണം ചെയ്തത് പാക്ക് അധീന കാശ്മീര്‍ ലക്ഷ്യമിട്ടാണെന്ന നിഗമനത്തിലാണ് ചാരസംഘടന. പാക്ക് ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന സൈന്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ഇതു സംബന്ധിച്ച് ഐ.എസ്.ഐ ഉന്നതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

SOLDIERS

നരേന്ദ്ര മോദിയും ബി.ജെ.പിയും വീണ്ടും ഇന്ത്യയില്‍ അധികാരത്തില്‍ വരരുതെന്നാണ് പാക്ക് സൈന്യത്തിന്റെയും ആഗ്രഹം. അതിര്‍ത്തി കടന്ന് മിന്നല്‍ ആക്രമണം നടത്തി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്റെ ‘മാനം’ കളഞ്ഞതില്‍ മാത്രമല്ല, ഒരിക്കല്‍ കൂടി മോദി അധികാരത്തില്‍ വന്നാല്‍ ‘അതിനപ്പുറവും’ സംഭവിക്കുമെന്ന ആശങ്ക പാക്ക് സൈന്യത്തിലെ ഉന്നതര്‍ക്കുണ്ട്. ഐ.എസ്.ഐ യില്‍ നിന്നും അവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഫീഡ് ബാക്കും അതു തന്നെയാണ്.

ചൈനയുടെ സഹായം പ്രതീക്ഷിച്ച് ഇന്ത്യയുമായി ഉടക്കുന്നത് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും സൈന്യത്തിലെ ഒരു വിഭാഗത്തിനുണ്ട്. അതിവേഗം വളരുവാന്‍ ശ്രമിക്കുന്ന ചൈനയും ഇന്ത്യയും പാക്കിസ്ഥാനു ‘വേണ്ടി’ പരസ്പരം ഒരു യുദ്ധത്തിലേക്ക് പോകില്ലന്നും ഒടുവില്‍ ചൈന പിന്തിരിയുമെന്നുമാണ് ഈ വിഭാഗം കരുതുന്നത്.

പാക്ക്-ചൈന സാമ്പത്തിക ഇടനാഴിയുടെ പേരില്‍ ഇപ്പോള്‍ പാക്കിസ്ഥാനില്‍ വര്‍ധിച്ച് വരുന്ന ചൈനീസ് സാന്നിധ്യം വൈകാതെ ചൈനീസ് ആധിപത്യമായി രൂപപ്പെട്ട് അവര്‍ക്ക് മുന്നില്‍ രാജ്യത്തെ അടിയറവ് വയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടാകുമെന്ന് വിരമിച്ച ഉന്നത സൈനിക ഉദ്യോഗസ്ഥരും ഇതിനകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

indian-sena

ഇന്ത്യ പരമാവധി പാക്ക് അധീന കശ്മീര്‍ മാത്രമാണ് ലക്ഷ്യമിടുക എന്നും എന്നാല്‍ ചൈന അവസരം കിട്ടിയാല്‍ പാക്കിസ്ഥാനെ മുഴുവനായും ‘വിഴുങ്ങു’മെന്നുമാണ് ഇവരുടെ ഭയം. ബലൂചിസ്ഥാനില്‍ പടര്‍ന്ന ജനങ്ങള്‍ക്കിടയിലെ പ്രതിഷേധം ഇപ്പോള്‍ രാജ്യത്തെ പല ഭാഗങ്ങളിലും പടര്‍ന്ന് വ്യാപിക്കുന്നതിനേയും പാക്ക് അധികൃതര്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യ പാക്ക് സംഘര്‍ഷമുണ്ടായാല്‍ ഭീകര സംഘടനകള്‍ ആണവായുധം കൈക്കലാക്കും എന്ന ഭീതി പരത്തി അമേരിക്ക സൈനികമായ ഇടപെടല്‍ നടത്താനുള്ള സാധ്യതയും ഐ.എസ്.ഐയും പാക്ക് സൈനിക നേതൃത്വവും മുന്‍ കൂട്ടി കാണുന്നുണ്ട്.

ഇപ്പോള്‍ ജമ്മു-കശ്മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേനകള്‍ നടത്തുന്ന ഭീകര വിരുദ്ധവേട്ട ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അതിരൂക്ഷമാകുമെന്നും അത് പാക്ക് അധീന കശ്മീര്‍ ലക്ഷ്യമിട്ട സൈനിക നടപടിയില്‍ കലാശിക്കുമെന്നും ഭയമുള്ളതിനാല്‍ സൈന്യത്തിലേക്ക് കൂടുതല്‍ റികൂട്ട്‌മെന്റും ആയുധശേഖരവുമാണ് പാക്ക്‌സേന ലക്ഷ്യമിടുന്നത്.

Top