പ്രതിരോധ ചെലവിടലില്‍ അമേരിക്കയേയും ബ്രിട്ടണേയും പിന്തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ പ്രതിരോധമേഖലയില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്. 2007 മുതല്‍ 20016 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയുടെ പ്രതിരോധ ബജറ്റില്‍ 54 ശതമാനം വര്‍ധനവാണ് വന്നിട്ടുള്ളത്. ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപണി ഗവേഷണ സ്ഥാപനമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

പ്രതിരോധ ചെലവിടലില്‍ ഒന്നാം സ്ഥാനം ഇന്ത്യയുടെ അയല്‍രാജ്യമായ ചൈനയ്ക്കാണ്. ഒമ്പത് വര്‍ഷം കൊണ്ട് 118 ശതമാനം വര്‍ധനവാണ് ചൈനയുടെ പ്രതിരോധ ചെലവിടലില്‍ ഉണ്ടായിട്ടുള്ളത്. രണ്ടാം സ്ഥാനം റഷ്യയ്ക്കാണ്. 87 ശതമാനം വര്‍ധനവാണ് റഷ്യയുടെ പ്രതിരോധ ബജറ്റില്‍ ഉണ്ടായിട്ടുള്ളത്.

ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ വന്‍ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ മേഖലയില്‍ വലിയ തോതില്‍ ആധുനികവത്കരണം നടത്തിക്കൊണ്ടിരിക്കുന്നതാണ് ഈ വര്‍ധനവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

10 സുപ്രധാന ലോക ശക്തികളെ മാത്രമെ പട്ടിയില്‍ ഉള്‍പെടുത്തിയിട്ടുള്ളു. പട്ടികയില്‍ ഏറ്റവും പിന്നില്‍ ബ്രിട്ടണും അമേരിക്കയുമാണ്. ഒമ്പത് വര്‍ഷത്തിനിടെ ഇരു രാജ്യങ്ങളുടെയും പ്രതിരോധ ചിലവില്‍ കുറവുണ്ടായി.

ചൈന തങ്ങളുടെ വ്യോമസേനയ്ക്കായി അഞ്ചാം തലമുറ യുദ്ധവിമാനമായ ചെങ്ദു-ജെ 20 നിര്‍മാണത്തിനായി വലിയ തുക മാറ്റിവെയ്ക്കുന്നുണ്ട്. അമേരിക്കന്‍ പോര്‍വിമാനങ്ങളായ എഫ്-22, എഫ്-35 വിമാനങ്ങളോട് മത്സരിക്കാന്‍ ശേഷിയുള്ള വിമാനമെന്നാണ് ചെങ്ദു-ജെ 20 യെ ചൈന വിശേഷിപ്പിക്കുന്നത്. കൂടാതെ ദക്ഷിണ ചൈന കടലില്‍ നടത്തിവരുന്ന നിര്‍മാണങ്ങള്‍, കരസേനയുടെ നവീകരണം ആയുധ സംഭരണം എന്നിവയും ചൈനീസ് പ്രതിരോധ ചിലവില്‍ കാര്യമായ വര്‍ധനവുണ്ടാക്കി.

റഷ്യയാകട്ടെ ശീതയുദ്ധ കാലത്തെ ആയുധങ്ങളെ പടിപടിയായി ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. റഷ്യന്‍ വ്യോമസേനയുടെ കുന്തമുനയായ സുഖോയ് 57, പിഎകെ-എഫ്എ യുദ്ധവിമാനങ്ങളുടെ വികാസവും ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല കരസേനയുടെ ഭാഗമായ ടി-14 ടാങ്കുകളുടെ നവീകരണവും റഷ്യയുടെ പ്രതിരോധ ചിലവില്‍ വര്‍ധനവുണ്ടാക്കി.

ആയുധങ്ങളുടെയും സൈന്യത്തിന്റെയും നവീകരണത്തില്‍ ഇന്ത്യയും വലിയ ശ്രദ്ധയാണ് കൊടുക്കുന്നത്. പുതിയ അന്തര്‍വാഹിനികള്‍, വിമാന വാഹിനികള്‍, യുദ്ധവിമാനങ്ങള്‍, പീരങ്കികള്‍ എന്നിവ ഇന്ത്യ വാങ്ങാനും നിര്‍മ്മിക്കാനും തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top