ഇന്ത്യ- ഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 69 ശതമാനം വര്‍ദ്ധനയെന്ന്

ഒമാന്‍: ഇന്ത്യ,ഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 69 ശതമാനത്തിന്റെ വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷം നാല് ശതകോടി ഡോളര്‍ ആയിരുന്നത് നടപ്പ് സാമ്പത്തിക വര്‍ഷം 6.7 ശതകോടി ഡോളറായാണ് ഉയര്‍ന്നത്.

ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള എക്കാലത്തെയും ഉയര്‍ന്ന ഉഭയകക്ഷി വ്യാപാര നിരക്കാണ് ഇതെന്ന് ഇന്ത്യന്‍ സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. എണ്ണവിലയിലെ വര്‍ധനവിനൊപ്പം ഇറക്കുമതിയിലെ വര്‍ദ്ധനവുമാണ് വ്യാപാര മൂല്യം കൂടാന്‍ പ്രധാന കാരണമെന്നും, ഉഭയകക്ഷി വ്യാപാരത്തിലെ വര്‍ധനവില്‍ സന്തോഷമുണ്ടെന്നും അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ പറഞ്ഞു.

ഒമാനിലേക്കുള്ള കയറ്റുമതി ഉല്‍പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതടക്കം നടപടികള്‍ ഭാവിയില്‍ ഉണ്ടാകും. ചായ, കാപ്പി, സുഗന്ധവ്യഞ്ചനങ്ങള്‍, അരി, ഇറച്ചിയുത്പന്നങ്ങള്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.

ഇരു രാഷ്ട്രങ്ങളിലെയും ബിസിനസുകാര്‍ തമ്മിലെ സഹകരണം വര്‍ധിപ്പിക്കുന്നതിലും ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും മസ്‌കറ്റ് ഇന്ത്യന്‍ എംബസി സുപ്രധാന പങ്കാണ് വഹിച്ചുവരുന്നത്. നിക്ഷേപകരുടെ ഇന്ത്യയില്‍ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സന്ദര്‍ശനത്തിന് എംബസി മുന്‍കയ്യെടുത്ത് വരുന്നുണ്ട്.

Top