അഫ്ഗാനിസ്ഥാന്റെ ഏറ്റവും വിശ്വസ്ത പ്രാദേശിക പങ്കാളി ഇന്ത്യയെന്ന് പെന്റഗണ്‍

വാഷിംഗ്ടണ്‍ : ഇന്ത്യ അഫ്ഗാനിസ്ഥാന്റെ ഏറ്റവും വിശ്വസ്ത പ്രാദേശിക പങ്കാളിയാണെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍.

അഫ്ഗാനിസ്ഥാന്റെ ഏറ്റവും ശക്തിയുള്ള പങ്കാളിയാണ് ഇന്ത്യയെന്നും ,അഫ്ഗാനിസ്ഥാനിലെ വികസനങ്ങള്‍ക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കുന്നത് ഇന്ത്യയാണെന്നും പെന്റഗണ്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുക എന്ന വിഷയത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് സംസാരിക്കുകയായിരുന്നു പെന്റഗണ്‍.

ഇന്ത്യ നല്‍കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ അഫ്ഗാനിസ്ഥാന്‍-ഇന്ത്യ ഫ്രണ്ട്ഷിപ് ഡാം, അഫ്ഗാന്‍ പാര്‍ലമെന്റ് ബില്‍ഡിംഗ് തുടങ്ങി സിവില്‍ ഡെവലപ്‌മെന്റ് പ്രോജക്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ അഫ്ഗാനിസ്ഥാനിലെ സൈനികര്‍ക്കും, തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കും ഇന്ത്യ പരിശീലനം നല്‍കുന്നുണ്ട്. ഓരോ വര്‍ഷവും 130 അഫ്ഗാനികള്‍ ഇന്ത്യയിലേക്ക് വിവിധ സൈനിക, കമ്മീഷനിങ് പരിപാടികളില്‍ പങ്കെടുക്കുന്നതിനായി എത്തുന്നുമുണ്ട്.

മാത്രമല്ല ഇന്ത്യ അഫ്ഗാനിസ്ഥാന് പരിമിതമായ പ്രതിരോധ സഹായങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, ഇതില്‍ ഏറ്റവും പ്രധാനം നാല് മി-35 വിമാനങ്ങള്‍ ഇന്ത്യ നല്‍കിയതാണെന്നും പെന്റഗണ്‍ ചൂണ്ടിക്കാട്ടി.

പുതിയ ദക്ഷിണേഷ്യന്‍ നയം ഇന്ത്യയുമായുള്ള നമ്മുടെ ബന്ധത്തെ ഉയര്‍ത്തികാട്ടുന്നുവെന്നും , അഫ്ഗാനിസ്ഥാനില്‍ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യയെ സ്വാഗതം ചെയ്യുന്നുവെന്നും , അഫ്ഗാനിസ്ഥാന് ഇന്ത്യ നല്‍കുന്ന സാമ്പത്തിക, ആരോഗ്യ, പൗരത്വ സഹായങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണ ഉണ്ടാകുമെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആഗസ്റ്റില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ ദക്ഷിണേഷ്യന്‍ നയം പ്രഖ്യാപിച്ചതിന് ശേഷമുള്ള പെന്റഗണ്‍ന്റെ ആദ്യത്തെ റിപ്പോര്‍ട്ടാണിത്.

അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടേയും , അമേരിക്കയുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. ഭീകര സംഘങ്ങളില്‍ നിന്ന് അഫ്ഗാനെ രക്ഷിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഭീകരാക്രമണം നേടിടേണ്ട സാഹചര്യം ഉണ്ടായെന്നും എന്നാല്‍ അമേരിക്ക ഭയന്ന് പിന്മാറാന്‍ തയാറാല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സിന്റെ വികസനത്തിനായി അമേരിക്ക എല്ലാ പിന്തുണയും , സഹായവും നല്‍കും. മാത്രമല്ല ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന സഹായവും അഫ്ഗാനിസ്ഥാനെ സുരക്ഷിതമാക്കാന്‍ കഴിയുമെന്നും പെന്റഗണ്‍ സൂചിപ്പിക്കുന്നു.

Top