ഇന്ത്യയിപ്പോള്‍ പഴയ ഇന്ത്യയല്ല, ലോകത്തെ പ്രധാന ഐ.ടി ഹബ്ബ് :പ്രധാനമന്ത്രി

പട്‌ന: ഇന്ത്യ പഴയ ഇന്ത്യയല്ലന്നും ലോകത്തിലെ പ്രധാന ഐ.ടി ഹബ്ബുകളില്‍ ഒന്നായി മാറിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.

മുന്‍പ് വിദേശികള്‍ പാമ്പാട്ടികളുടെ രാജ്യമായിട്ടാണ് ഇന്ത്യയെ കണ്ടിരുന്നത്. എന്നാല്‍ ഇന്ന് പുതിയ തലമുറ അതെല്ലാം മാറ്റിമറിച്ച് ലോക വന്‍ശക്തികളെ പോലും ഞെട്ടിച്ചതായി മോദി പറഞ്ഞു.

ഒരിക്കല്‍ ഒരു വിദേശി, നിങ്ങളുടേത് പാമ്പാട്ടികളുടെ രാജ്യമാണോയെന്ന് എന്നോടു ചോദിച്ചു. പാമ്പുകളുമായി കളിച്ചിരുന്ന ഞങ്ങളിപ്പോള്‍ മൗസുമായിട്ടാണ് കളിക്കുന്നതെന്നും ഈ മാറ്റത്തില്‍ അഭിമാനമുണ്ടെന്നുമാണ് ഞാന്‍ മറുപടി നല്‍കിയത് – മോദി പറഞ്ഞു. പട്‌ന സര്‍വകലാശാലയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

2022ല്‍ ബിഹാറില്‍ വികസനം പൂര്‍ത്തിയാകുമെന്നു പറഞ്ഞ മോദി, മുഖ്യമന്ത്രി നിതീഷ് കുമാറിന് എല്ലാ കേന്ദ്രസഹായവും വാഗ്ദാനം ചെയ്തു. ആര്‍ജെഡി സഖ്യത്തില്‍നിന്നു മാറിയതിനുശേഷം ആദ്യമായിട്ടാണ് മോദി ബിഹാറില്‍ സന്ദര്‍ശനം നടത്തുന്നത്. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനം നടത്തുന്നതിന് ഞങ്ങള്‍ ചുമതലപ്പെട്ടവരാണ്.

രാജ്യം 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022ല്‍ ബിഹാര്‍ ഇന്ത്യയിലെ വികസിത സംസ്ഥാനങ്ങളില്‍ ഒന്നായി മാറുമെന്നും മോദി വ്യക്തമാക്കി.

Top