വിദേശികള്‍ക്ക് കൊതിയൂറും ചെമ്മീനും മീനും… കയറ്റുമതിയില്‍ വന്‍നേട്ടം കൈവരിച്ച് ഇന്ത്യ

കൊച്ചി: ചെമ്മീനും മീനും നുണഞ്ഞ് വിദേശികള്‍ക്ക് കൊതിയേറുമ്പോള്‍ സമുദ്രോത്പന്ന കയറ്റുമതിയില്‍ വന്‍നേട്ടം കൈവരിച്ച് ഇന്ത്യ.

രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 37,870 കോടി രൂപയുടെ റെക്കോഡ് നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്‌.

അമേരിക്കയും ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമാണ് ഇന്ത്യയില്‍ നിന്നുള്ള പ്രധാന ഇറക്കുമതിക്കാര്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ആവശ്യവും ഇക്കാലയളവില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്‌.

വനാമി ചെമ്മീനിന്റെ ഉത്പാദന വര്‍ദ്ധന, ജലകൃഷി വര്‍ഗങ്ങളുടെ വൈവിധ്യവത്കരണം, ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടികള്‍, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ദ്ധന എന്നിവ സമുദ്രോത്പന്ന കയറ്റുമതിയിലെ ഇന്ത്യയുടെ മികച്ച വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

ആകെ കയറ്റുമതിയുടെ അളവില്‍ 38.28 ശതമാനവും ചെമ്മീനാണ്. അളവില്‍ 16.21 ശതമാനവും ഡോളര്‍ മൂല്യത്തില്‍ 20.33 ശതമാനവുമാണ് ചെമ്മീന്‍ കയറ്റുമതിയിലെ വര്‍ദ്ധന. 26.15 ശതമാനം കയറ്റുമതിയുമായി തൊട്ടുപിന്നില്‍ മത്സ്യമുണ്ട്. വരുമാനത്തില്‍ 11.64 ശതമാനമാണ് മത്സ്യത്തിന്റെ സംഭാവന.

അമേരിക്കയാണ് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ ഇറക്കുമതി ചെയ്തത് 1,88,617 ടണ്‍. അമേരിക്കയിലേക്കുള്ള കയറ്റുമതി അളവില്‍ 22.72 ശതമാനവും രൂപയിലെ മൂല്യത്തില്‍ 33 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

Top