സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: കശ്മീര്‍ താഴ്‌വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക.

അമേരിക്കന്‍ വിദേശകാര്യ വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രഖ്യാപനം.

മുഹമ്മദ് യൂസഫ് ഷാ എന്നും പേരുള്ള സെയിദ് സലാഹുദ്ദീന്‍ 2016 സെപ്റ്റംബറില്‍ കശ്മീര്‍പ്രശ്നം പരിഹരിക്കാനുള്ള സമാധാന ഉടമ്പടികള്‍ തള്ളിക്കളയണമെന്നും കൂടുതല്‍ കശ്മീരി ചാവേറുകള്‍ക്ക് പരിശീലനം നല്‍കുമെന്നും ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കയിലെ ജനങ്ങള്‍ക്കോ സുരക്ഷയ്ക്കോ ഭീഷണിയാകുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ കുറ്റം ചാര്‍ത്തിയാണ് സെയിദിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ആഗോളഭീകരനായി പ്രഖ്യാപിക്കുന്ന സംഘടനകളെയും വ്യക്തികളെയും അമേരിക്കയുടെയോ അമേരിക്കയുമായി ബന്ധപ്പെട്ടുള്ള രാജ്യങ്ങളുടേയോ സംഘടനകളുടെയോ സാമ്പത്തികസംവിധാനത്തില്‍നിന്ന് ഒഴിവാക്കും.

Top