ഏകദിനം, ശ്രീലങ്കയ്‌ക്കെതിരെ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം നേടി ഇന്ത്യ

ദാംബുല്ല: ആദ്യ ഏകദിനത്തിലും ലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒമ്പതു വിക്കറ്റിന്റെ ഗംഭീര വിജയം ടീം ഇന്ത്യ സ്വന്തമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (132) സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ (82)അര്‍ധ സെഞ്ചുറിയും ഇന്ത്യയെ അനായാസമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഇരുവരും പുറത്താകാതെ നിന്നു. 28.5 ഓവറില്‍ 127 പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം.

ഏകദിനത്തില്‍ ധവാന്റെ 11-ാം സെഞ്ചുറിയാണിത്. 90 പന്ത് നേരിട്ട ധവാന്‍ 20 ഫോറും മൂന്ന് സിക്‌സും പറത്തി. ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ചുറി കണ്ടെത്തിയ ധവാന്‍ 71 പന്തില്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. തുടക്കത്തിലെ രോഹിത് ശര്‍മയെ (4) നഷ്ടമായതു മാത്രമാണ് ഇന്ത്യക്ക് നേരിട്ട തിരിച്ചടി. 13 പന്തുകള്‍ നേരിട്ട രോഹിത് റണ്‍ഔട്ടായി. അശ്രദ്ധമായി ഓടി രോഹിത് വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നു. ഉപനായകനായി സ്ഥാനക്കയറ്റം ലഭിച്ച രോഹിതിന് ആദ്യ ഏകദിനത്തില്‍തന്നെ ഓടി വീഴാനായിരുന്നു വിധി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് ഓള്‍ ഔട്ടായി. മുന്‍നിര മികച്ച ബാറ്റിംഗിലൂടെ മികച്ച അടിത്തറയിട്ടിട്ടും മധ്യനിരയും വാലറ്റവും അമ്പേ പരാജയപ്പെട്ടതോടെ ലങ്ക ചെറുസ്‌കോറില്‍ ഒതുങ്ങി.

ഓപ്പണര്‍മാരായ നിരോഷന്‍ ഡിക്വെല്ലയും ധനുഷ്‌ക ഗുണതിലകയും ലങ്കയ്ക്ക് ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഡിക്വെല്ല (64) അര്‍ധസെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ധനുഷ്‌ക ഗുണതിലക (35) മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 74 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. മൂന്നാമനായി ക്രീസിലെത്തിയ കുശാല്‍ മെന്‍ഡിസും (36) മികച്ച പ്രകടനമാണ് നടത്തിയത്. എന്നാല്‍ പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ഉപുല്‍ തരംഗ (13) നിരാശപ്പെടുത്തി. ഇതോടെ ലങ്കയുടെ കഷ്ടകാലവും തുടങ്ങി.

മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസിനെ (36) സാക്ഷിയാക്കി വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു പിന്നീട്. മാത്യൂസ് പുറത്താകാതെ നിലയുറപ്പിച്ചെങ്കിലും മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല. മൂന്ന് വിക്കറ്റിന് 150 എന്ന നിലയില്‍ നിന്നാണ് ലങ്ക ചെറു സ്‌കോറിലേക്ക് കൂപ്പുകുത്തിയത്. അവസാന ഏഴു വിക്കറ്റുകള്‍ 66 റണ്‍സിനാണ് വീണത്. ലങ്കന്‍ ഇന്നിംഗ്‌സില്‍ രണ്ടുവട്ടം മാത്രമാണ് പന്ത് ഉയര്‍ന്ന് വേലിക്കെട്ട് കടന്നത്.

Top