India clears Rs 17,000 crore missile deal with Israel

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തമായ ഇറ്റലിജൻസ് സംവിധാനവും കരുത്തുറ്റ നൂതന സാങ്കേതിക വിദ്യയും സ്വന്തമായുള്ള ഇസ്രയേലിൽ നിന്ന് 17,000 കോടിയുടെ മിസൈൽ ഇടപാടിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയതിൽ അമ്പരന്ന് ലോക രാഷ്ട്രങ്ങൾ.

അയൽ രാജ്യങ്ങളായ പാക്കിസ്ഥാനും ചൈനക്കും ഇന്ത്യയുടെ നടപടി ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെങ്കിൽ അമേരിക്കയും റഷ്യയുമടങ്ങുന്ന വൻ രാഷ്ട്രങ്ങൾക്ക് ഈ നടപടി അത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് അവിടെ നിന്നുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്.

ലോക രാഷ്ട്രങ്ങളിൽ സൈനിക ശക്തിയിൽ ഇപ്പോൾ തന്നെ അവഗണിക്കാൻ പറ്റാത്ത ശക്തിയായ ഇന്ത്യ അടിമുടി മാറി കഴിഞ്ഞു.

പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോഗിക്കാനും ആയുധങ്ങൾ വാങ്ങി കൂട്ടാനും ഇപ്പോൾ ശക്തമായ നീക്കങ്ങൾ നടത്തുന്നത് സൈനികമായ ഇടപെടലുകൾക്കു പോലും മടിക്കില്ലന്നതിന്റെ സന്ദേശം ശത്രുരാജ്യങ്ങൾക്ക് നൽകുന്നതിന് കൂടിയാണെന്നാണ് നയതന്ത്ര വിദ്ഗദർ അഭിപ്രായപ്പെടുന്നത്.

ഒറ്റയടിക്ക് ഒരു റോക്കറ്റിൽ 104 ഉപഗ്രഹങ്ങൾ ഒരുമിച്ച് കൃത്യതയോടെ വിജയകരമായി വിക്ഷേപിച്ച് ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ പുതയ നീക്കമാണ് ഇസ്രായേലുമായുള്ള മിസൈൽ കരാർ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ സുരക്ഷാ കാര്യ സമിതിയാണ് ഇടപാടിന് അംഗീകാരം നൽകിയിരിക്കുന്നത്. ഈ വർഷം തന്നെ മോദി ഇസ്രായേൽ സന്ദർശിക്കാനിരിക്കെയാണ് കരാർ എന്നതും ശ്രദ്ധേയമാണ്.

കരസേനക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങുന്നത്.

ഇസ്രായേൽ എയർക്രാഫ്റ്റ് ഇൻഡസ്ട്രീയം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സമിതിയും ചേർന്നാണ് മിസൈൽ വികസിപ്പിക്കുക. ശത്രു വിമാനങ്ങൾക്കും ആളില്ലാ വിമാനങ്ങൾക്കും നേരെ പ്രയോഗിക്കാൻ കഴിയുന്ന മിസൈലുകളാണിവ.

70 കിലോമീറ്റർ ദൂര പരിധിയിൽ തൊടുക്കാൻ കഴിയും..40 ഫയറിംങ്ങ് യൂണിറ്റുകളിലായി 200 മിസൈലുകളുള്ള സംവിധാനമാണ് വാങ്ങുന്നതെന്നാണ് സൂചന. ആവശ്യാനുസരണം എണ്ണം പിന്നീട് വർദ്ധിപ്പിക്കും.

ഇതിനകം തന്നെ അമേരിക്ക, റഷ്യ, ഫ്രാൻസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി വൻ ആയുധ ഇടപാടിന് ഇന്ത്യ കരാറായിരിക്കെയാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കം.

ടെക്നോളജിയിൽ സൂപ്പർ പവറെന്ന് അറിയപ്പെടുന്ന ഇസ്രായേലുമായി നിലവിൽ ഇന്ത്യക്ക് ആയുധ ഇടപാടുണ്ടെങ്കിലും ഇത്ര വലിയ ഒരു ഇടപാട് ഈ രംഗത്ത് ആദ്യമാണ്.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ ഉപയോഗിക്കുന്നത് പോലും ഇസ്രായേൽ നിർമ്മിത ആയുധങ്ങളാണ്.

രഹസ്യാന്വേഷണ മേഖലയിൽ അമേരിക്കയുടെ സിഐഎയും കടത്തിവെട്ടുന്ന സംവിധാനങ്ങളാണ് ഇസ്രായേലിന്റെ മൊസാദിനുള്ളത്. ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗമായ റോ യുമായി ഏറെ സഹകരിക്കുന്ന വിഭാഗമാണിത്.

പലസ്തീനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന ഇടപെടലിൽ പ്രതിഷേധം നിലനിൽക്കുന്നത് കണക്കിലെടുത്ത് ഇസ്രായേൽ സന്ദർശനം ഇന്ത്യൻ പ്രധാനമന്ത്രിമാർ ഒഴിവാക്കുന്ന പതിവ് തെറ്റിച്ചാണ് ആ രാജ്യം സന്ദർശിക്കാൻ ഇപ്പോൾ മോദി തീരുമാനിച്ചിരിക്കുന്നത്.

Top