അതിര്‍ത്തി കാക്കാന്‍ റഷ്യയുടെ കമോവ് ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പാക്, ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടെ 200 ‘കമോവ്’ ഹെലികോപ്റ്ററുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ.

കാലാവധി അവസാനിക്കുന്ന ചീറ്റ, ചേതക് ഹെലികോപ്റ്ററുകള്‍ക്ക് പകരമായാണ് ഇന്ത്യ അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്.

ഇത് സംബന്ധിച്ചുള്ള 100 കോടി ഡോളറിന്റെ (ഏകദേശം 6,600 കോടി രൂപ) കരാറില്‍ ഇന്ത്യയും റഷ്യയും ഉടന്‍ തീരുമാനത്തിലെത്തുമെന്ന് റഷ്യന്‍ പ്രതിരോധ വകുപ്പിന്റെ മേജര്‍ റോസ്റ്റക് വ്യക്തമാക്കി.

കമോവ് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട് കരാര്‍ മേയില്‍ ആരംഭിച്ചതാണെന്നും കമോവ് ലൈറ്റ് ഹെലികോപ്ടറുകള്‍ നിര്‍മിക്കാന്‍ റഷ്യയുടെ റോസ്‌ടെക് സ്റ്റേറ്റ് കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ എയ്രോനോട്ടിക്‌സ് ലിമിറ്റഡുമായി നേരത്തെ തന്നെ ധാരണയിലെത്തിയതാണ് അന്താരാഷ്ട്ര സഹകരണ വകുപ്പ് മേധാവി നിക്കോളാവിച്ച് ക്ലാദോവ് വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ റഷ്യ മാത്രമാണ് കമോവ് ഹെലികോപ്റ്റുകള്‍ ഉപയോഗിക്കുന്നത്. പൈലറ്റുമാരടക്കം 11 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കമോവില്‍ 1,500 കിലോഗ്രാം വരെ കൊണ്ടുപോകാന്‍ കഴിയും. മണിക്കൂറില്‍ 205 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന കമോവില്‍ തുടര്‍ച്ചയായി 600 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം.

Top