അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ

team india

പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം കുറിച്ച് ഇന്ത്യ. അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത ഇന്ത്യ ആദ്യമായാണ് ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. 73 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.

ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 42.2 ഓവറില്‍ 201 റണ്‍സില്‍ അവസാനിച്ചു. ഇതോടെ അഞ്ചു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-1ന്റെ ലീഡ് സ്വന്തമാക്കി. പരമ്പര ജയത്തോടെ ഏകദിനത്തിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്കു സ്വന്തമായിരിക്കുകയാണ്.

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 275 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വെച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു.

ഓപ്പണര്‍ രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഹൈലൈറ്റ്. 17-ാം ഏകദിന സെഞ്ചുറി നേടിയ രോഹിത്, 126 പന്തില്‍ 11 ബൗണ്ടറിയും നാലു സിക്‌സും സഹിതം 115 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് ലുങ്കി എന്‍ഗിഡി ഒന്‍പത് ഓവറില്‍ 51 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.

31.4 ഓവറില്‍ രണ്ടിന് 176 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ്‌ലിയും രഹാനെയും റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്. നാലാം ഏകദിനത്തിലെ ടീമംഗങ്ങളില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്രിസ് മോറിസിനു പകരം ടെബ്രായിസ് ഷംസിയാണ് സ്ഥാനം പിടിച്ചത്.

Top