സൈബര്‍ യുദ്ധത്തിന് കച്ചകെട്ടിയ പാക്ക്-ചൈന ഹാക്കര്‍മാരെ കണ്ടം വഴി ഓടിച്ച് ഇന്ത്യന്‍ സൈന്യം

cyber-crime

ന്യൂഡല്‍ഹി: സൈബര്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെയും ചൈനയെയും മുട്ടുകുത്തിച്ച് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സൈബര്‍ ഹാക്കേഴ്‌സിനെയാണ് ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്ന് പരാജയപ്പെടുത്തിയതെന്ന് സൈനികവൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പാസ്‌വേഡുകള്‍ ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നെന്ന് മനസ്സിലാക്കിയ സൈനിക ഉദ്യോഗസ്ഥന്റെ സമയോചിത ഇടപെടലാണ് ഒരു വന്‍ സൈബര്‍ അറ്റാക്കില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്. ഹാക്കേഴ്‌സിന്റെ ശ്രമം വിജയിച്ചിരുന്നെങ്കില്‍ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന പല തന്ത്രപ്രധാന വിവരങ്ങളും ചോര്‍ന്നേനെ എന്നും സൈന്യം റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ നേടിയ ജവാനാണ് ഉദ്യോഗസ്ഥന്റെ സഹായത്തിനെത്തിയത്. ഇരുവരും ചേര്‍ന്ന് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു.

വര്‍ഷങ്ങളായി വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന പാക്കിസ്ഥാനോ ചൈനയോ ആണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു. ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു. അതിനു പുറമേയാണ് ചൈനയിലെയും പാക്കിസ്ഥാനിലെയും സര്‍ക്കാരുകളുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ ശ്യംഖലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്.

പാക്ക്-ചൈന അതിര്‍ത്തികളില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തെ അതീവഗൗരവമായാണ് കണക്കാക്കുന്നതെന്നും സൈന്യം അറിയിച്ചു.

Top