ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ചെന്നൈ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാകും.

ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടാണ് ഇരുടീമുകളും പരമ്പരയ്ക്ക് ഇറങ്ങുന്നത്.

നിലവില്‍ ഇന്ത്യ രണ്ടാമതും ഓസീസ് മൂന്നാം സ്ഥാനത്തുമാണ്. പരമ്പര വിജയിക്കുന്ന ടീമിന് ഒന്നാം സ്ഥാനത്തെത്താം.

ലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ നേടിയ സമ്പൂര്‍ണ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇന്ത്യയുടെ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആദ്യ മൂന്ന് മല്‍സരങ്ങളില്‍ കളിക്കുന്നില്ല. ധവാന് പകരം അജിന്‍ക്യ രഹാനെ ഇന്ന് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണിംഗിനിറങ്ങിയേക്കും. പരിശീലനത്തിനിടെ പരുക്കേറ്റ അക്‌സര്‍ പട്ടേലിന് പകരം രവീന്ദ്ര ജഡേജയെ ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്. കൂല്‍ദീപ് യാദവിനൊപ്പം, യൂസ് വേന്ദ്ര ചാഹലോ, രവീന്ദര ജഡേജയോ രണ്ടാം സ്പിന്നറായി ഇറങ്ങും.

ബംഗ്ലാദേശിലെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ഓസീസിന്റെ വരവ്. ആദ്യ ടെസ്റ്റ് ബംഗ്ലാദേശിനോട് തോറ്റെങ്കിലും, രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയില്‍ ഓസീസ് സമനില നേടിയിരുന്നു. നായകന്‍ സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ തുടങ്ങി പ്രധാന താരങ്ങളെല്ലാം ഫോമിലാണ്.

അതേസമയം സന്നാഹ മല്‍സരത്തിനിടെ പരുക്കേറ്റ പിഞ്ച് ഹിറ്റര്‍ ആരോണ്‍ ഫിഞ്ച് ആദ്യ മൂന്ന് മല്‍സരങ്ങളില്‍ കളിക്കില്ല.
ഏകദിനത്തില്‍ ഇന്ത്യയും ഓസീസും തുല്യശക്തരാണ്. ഇന്ത്യയില്‍ നേരത്തെ നടന്ന ഏഴ് ഏകദിന പരമ്പരകളില്‍ നാലിലും ഓസീസാണ് വിജയിച്ചത്.

എന്നാല്‍ അവസാനം നടന്ന രണ്ട് പരമ്പരകളിലും ഇന്ത്യയ്ക്കായിരുന്നു വിജയം. 2009 ലാണ് അവസാനമായി ഇന്ത്യ സ്വന്തം മണ്ണില്‍ ഓസീസിനോട് ഏകദിന പരമ്പരയില്‍ തോറ്റത് (24). എന്നാല്‍ 2010-11 ലും (10) 2013-14 ലും (32) വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
അഞ്ച് ഏകദിനവും മൂന്ന് ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. രണ്ടാം ഏകദിനം വ്യാഴാഴ്ച കൊല്‍ക്കത്തയില്‍ നടക്കും

Top