അന്താരാഷ്ട്ര ധാന്യ വർഷമായി 2018നെ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസഭയോട് ഇന്ത്യ

ന്യൂഡൽഹി : പോഷകാഹാരം നിറഞ്ഞ സമ്പന്നമായ സ്മാർട്ട് ഫുഡ് ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നതിന് 2018നെ അന്താരാഷ്ട്ര ധാന്യ വർഷമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു.

ലോകത്തിൽ എല്ലാവർക്കും പോഷക ഗുണങ്ങൾ നിറഞ്ഞ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമാണ് ഇന്ത്യ നടത്തുന്ന പുതിയ നീക്കം.

ഇക്കാര്യത്തിൽ യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗ്യൂട്ടർമാർക്ക് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗ് അയച്ച കത്ത് നൽകിയിട്ടുണ്ട്.

പോഷകാഹാര സമ്പന്നമായ ധാന്യ വർഗങ്ങളെ സംബന്ധിച്ച അവബോധം ജനങ്ങൾക്ക് കുറവാണ്. ഇത് മാറ്റിയെടുക്കാനാണ് ഐക്യരാഷ്ട്രസഭയോട് ഇത്തരത്തിലൊരു ആശയം അറിയിച്ചതെന്ന് കൃഷി മന്ത്രി വ്യക്തമാക്കി.

സോർഗം, ബജ്ര,റാഗി തുടങ്ങിയവ ഇന്ത്യയിലെ പ്രധാന ധാന്യ വിളകളിൽ ഉൾപ്പെടുന്നവയാണ്.

ആഗോളതലത്തിൽ ധാന്യ വിളകളുടെ ഉത്പാദനവും, ഉപഭോഗവും പ്രോത്സാഹിപ്പിക്കുന്നതിനു പുതിയ ആശയം സഹായകമാകും.

ഇന്ത്യയിൽ ധാന്യങ്ങൾക്ക് ലഭിക്കുന്ന പ്രാധാന്യം കണക്കിലെടുത്ത്, മറ്റ് രാജ്യങ്ങളിലേയ്ക്കും ധാന്യങ്ങളുടെ പ്രധാന്യം എത്തിക്കുന്നതിനും കൂടിയാണ് അന്താരാഷ്ട്ര ധാന്യ വർഷമായി 2018നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Top