ഹാഫിസ് ഹാഫിസ് സയീദിന്റെ മോചനം ; അതൃപ്തി അറിയിച്ച് ഇന്ത്യയും അമേരിക്കയും രംഗത്ത്‌

വാഷിംഗ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജമാഅത്ത ഉദ്ദവ നേതാവ് ഹാഫിസ് സയീദിനെ മോചിപ്പിച്ചതിലുള്ള അതൃപ്തി പാകിസ്താനോട് വ്യക്തമാക്കി ഇന്ത്യയും അമേരിക്കയും.

മോചനവുമായി ബന്ധപ്പെട്ട് രൂക്ഷമായിട്ടാണ് ഇന്ത്യ പ്രതികരിച്ചത്.

ഭീകരവാദത്തിന്റെ കാര്യത്തില്‍ പാകിസ്താന്‍ രാജ്യാന്തര സമൂഹത്തെ ഒന്നാകെ കബളിപ്പിക്കുകയാണെന്നുള്ളതിന് ഏറ്റവും മികച്ച തെളിവാണ് സയീദിനെ മോചിപ്പിക്കാനുള്ള തീരുമാനമെന്ന് ഇന്ത്യ പ്രതികരിച്ചു.

ഐക്യരാഷ്ട്രസഭയും അമേരിക്കയും ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ഹാഫിസ് സയീദെന്ന് പാകിസ്താന്‍ മറന്നുപോകരുതെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും വ്യക്തമാക്കി.

തടങ്കലിലായിരുന്ന സയീദിനെ മോചിപ്പിക്കുന്നതിന് പാകിസ്താന്‍ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് സയീദിനെ വിട്ടയയ്ക്കുമെന്നാണ് സൂചന.

മോചിതനാക്കാനുള്ള ഉത്തരവ് പാകിസ്താന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് ഹാഫിസ് സയീദ് പ്രതികരിച്ചു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെയും കൂട്ടാളികളെയും ഈ വര്‍ഷം ജനുവരിയിലാണ് തടങ്കലിലാക്കിയത്.

പാക്കിസ്ഥാനില്‍ സുഖവാസത്തിലായിരുന്ന സയീദിനെ ഇന്ത്യയുടേയും അമേരിക്കയുടേയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് പഞ്ചാബ് പ്രവിശ്യാ ഭരണകൂടം വീട്ടുതടങ്കലിലാക്കിയിരുന്നത്.

മുബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ഇയാളെ വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

Top