യുപിയില്‍ ഇനി സര്‍ക്കാര്‍ ചടങ്ങുകളില്‍ അതിഥികളെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കില്ല

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ അതിഥികളെ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുന്നത് നിര്‍ത്തലാക്കി.

പൂച്ചെണ്ടുകളും മറ്റ് വിലകൂടിയ സമ്മാനങ്ങളും അതിഥികള്‍ക്കും മറ്റുള്ളവര്‍ക്കും നല്‍കുന്നതിനു പകരം പുസ്തകങ്ങള്‍ നല്‍കാനാണ് തീരുമാനം. പുസ്തകങ്ങളില്‍ മാത്രം സ്വീകരണം ഒതുക്കാനാവില്ലെങ്കില്‍ ഒരു റോസാപുഷ്പം കൂടി നല്‍കാം എന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവരാവകാശ പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാശ് കുമാര്‍ അവസ്തിയാണ് ഉത്തരവ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സര്‍ക്കാര്‍ തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായും അദ്ദേഹം അറിയിച്ചു. ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അനാവശ്യ ചെലവുകള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയാണ് ഇതെന്നും ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലേക്കും ഓഫീസുകളിലേക്കും എത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ അവസ്തി, ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

Top