മദ്രസയിലെ കുടിവെള്ളത്തില്‍ എലിവിഷം കലര്‍ത്തി വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ ശ്രമം

water

ലഖ്‌നൗ: മദ്രസയിലെ ജലസംഭരണിയില്‍ എലിവിഷം കലര്‍ത്തി വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ ശ്രമം.

ഉത്തര്‍പ്രദേശ് അലിഗഢിലെ മദ്രസയിലാണ് ശ്രമം നടന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തില്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

മദ്രസയിലെ മുഹമ്മദ് അഫ്‌സല്‍ എന്ന വിദ്യാര്‍ഥി വെള്ളം കുടിക്കാനെത്തിയപ്പോഴാണ്‌ അജ്ഞാതരായ രണ്ടു പേര്‍ ജലസംഭരണിയില്‍ എന്തോ കലര്‍ത്തുന്നതായി കണ്ടത്. എന്താണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്തപ്പോള്‍ ഇവരില്‍ ഒരാള്‍ അഫ്‌സലിനെ തോക്കു ചൂണ്ടി ഭയപ്പെടുത്തി.

തുടര്‍ന്ന് അജ്ഞാതര്‍ പോയതിനു ശേഷം ടാങ്കിനു സമീപമുണ്ടായിരുന്ന എലിവിഷത്തിന്റെ കൂട് എടുക്കുകയും അഫ്‌സല്‍ ഇക്കാര്യം അധ്യാപകരെ അറിയിക്കുകയുമായിരുന്നു.

പിന്നീട് നടത്തിയ പരിശോധനയില്‍ എലിവിഷമാണ് കലര്‍ത്തിയതെന്ന് കണ്ടത്തുകയായിരുന്നു.

അല്‍നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് മദ്രസ നടത്തുന്നത്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിയാണ് സൊസ്റ്റൈിയുടെ ചെയര്‍പേഴ്‌സണ്‍. 3600 ഓളം വിദ്യാര്‍ഥികളാണ് ഈ മദ്രസയില്‍ പഠിക്കുന്നത്.

മദ്രസയുടെ പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതാണെന്നും മദ്രസ വാര്‍ഡനോട് പോലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടതായും സല്‍മ അന്‍സാരി പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ തുടര്‍ന്ന് മദ്രസയില്‍ സിസിടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top