ജസ്റ്റിസ് ലോയ കേസ് വാദത്തിനിടെ അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റം; കോടതി ചന്തയല്ലെന്ന് വിമര്‍ശനം

ഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. കോടതി ചന്തയാണോയെന്ന് ചോദിച്ചാണ് കേസ് പരിഗണിക്കുന്ന ബെഞ്ച് അഭിഭാഷകരെ വിമര്‍ശിച്ചത്.

കേസില്‍ അഭിഭാഷകരായ ഹരീഷ് സാല്‍വെയും, പല്ലവ് സിസോദിയയും ഹാജരാകുന്നതിനെ ദൂഷ്യന്ത് ദവെ എതിര്‍ത്തതോടെയാണ് കോടതിയില്‍ അഭിഭാഷരുടെ വാക്കേറ്റവും കോടതിയുടെ വിമര്‍ശനവുമുണ്ടായത്.

കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. അഭിഭാഷരുടെ വക്കേറ്റം രൂക്ഷമായതോടെ കോടതി നടപടികള്‍ ചന്തയുടെ നിലവാരത്തിലേക്ക് അധഃപതിക്കരുതെന്നു ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടിയാണ് മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വേ ഹാജരാകുന്നത്. കോടതിയില്‍ സ്വതന്ത്ര നിലപാട് എടുത്തതിന് തനിക്കെതിരെ ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചെന്നും ദൂഷ്യന്ത് ദവേ പരാതി പറഞ്ഞു.

മുംബൈ സിബിഐ കോടതി ജഡ്ജിയായിരുന്ന ബി എച്ച് ലോയ 2014 ഡിസംബര്‍ ഒന്നിനാണ് നാഗ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. എന്നാല്‍ ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചുകൊണ്ടിരിക്കവെയാണ് ജഡ്ജി ബിഎച്ച് ലോയ ദുരൂഹമായി മരണപ്പെട്ടത്. അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ലോയയുടെ സഹോദരി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലാണ് ലോയയുടെ മരണത്തിലെ ദുരൂഹത വര്‍ധിപ്പിച്ചത്.

കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പ്രസ്താവിക്കാന്‍ ലോയയ്ക്ക് മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായാണ് സഹോദരി അനുരാധ ബിയാനി വെളിപ്പെടുത്തിയത്. ലോയ വാഗ്ദാനം നിരസിച്ച് ഒരു മാസത്തിന് ശേഷം മരണപ്പെടുകയായിരുന്നെന്നും അനുരാധ പറഞ്ഞു. തുടര്‍ന്നാണ് മരണത്തില്‍ അന്വേഷണ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടത്.

Top