സൗദി അറേബ്യയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഞായറാഴ്ച തുടക്കമാകുന്നു

റിയാദ്: പുതിയ അധ്യയന വര്‍ഷം സൗദി അറേബ്യയില്‍ ഞായറാഴ്ച ആരംഭിക്കുന്നു. 60 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് വേനലവധി കഴിഞ്ഞ് സ്‌കൂളുകളില്‍ പോകാന്‍ ഒരുങ്ങുന്നത്.

വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി ഡോ. അഹ്മദ് അല്‍ഈസ അറിയിച്ചു.

പുതിയ അധ്യയന വര്‍ഷത്തെ സ്വീകരിക്കാന്‍ സര്‍വകലാശാലകളും സ്‌കൂളുകളും വിദ്യാഭ്യാസ വകുപ്പും എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.

അതിന്റെ ഭാഗമായി സ്‌കൂള്‍ കെട്ടിടങ്ങളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തി.

കൂടാതെ 99.25 ശതമാനം എലിമെന്ററി സ്‌കൂളുകളിലും 99.64 ശതമാനം ഇന്റര്‍മീഡിയറ്റ് സ്‌കൂളുകളിലും 92.63 ശതമാനം സെക്കണ്ടറി സ്‌കൂളുകളിലും പുതിയ പാഠപുസ്തകങ്ങള്‍ വിതരണത്തിന് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അഹ്മദ് അല്‍ഈസ പറഞ്ഞു.

മറ്റുള്ള സ്‌കൂളുകളില്‍ ഒരാഴ്ചക്കകം തന്നെ പുസ്തകങ്ങള്‍ എത്തിക്കും.അധ്യാപകരുടെ സ്ഥലമാറ്റ നടപടികളും പൂര്‍ത്തിയായി.

Top