ഇലി നസ്താസെയ്ക്ക് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍

പാരിസ്: റുമേനിയയുടെ ടെന്നീസ് താരമായിരുന്ന ഇലി നസ്താസെയ്ക്ക് 2020 ഡിസംബര്‍ വരെ ഐ.ടി.എഫ്. മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്‍.

പ്രധാനമായും മൂന്ന് സംഭവങ്ങളാണ് ഇലിയുടെ വിലക്കിന് കാരണമായിട്ടുള്ളത്. അതും വനിതകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിറക്കിയതിന്.

ബ്രിട്ടന്റെ ഫെഡറേഷന്‍ കപ്പ് ക്യാപ്റ്റന്‍ ആന്‍ ക്യോത്താവോങ്ങിനോട് അശ്ലീലച്ചുവയോടെ സംസാരിച്ചതും ബ്രിട്ടീഷ് വനിതാ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ചതും താരത്തിന് പണിയായിരിക്കുകയാണ്.

ഇതിനെല്ലാം ഉപരിയായി സെറീന വില്ല്യംസിന് ജനിക്കാന്‍ പോകുന്ന കുഞ്ഞിന് എന്തു നിറമായിരിക്കും എന്ന അഭിപ്രായപ്രകടനമാണ് ഗൗരവമേറിയ വിഷയമായി മാറിയിരിക്കുന്നത്. കുഞ്ഞിന് ചാക്ലേറ്റ് നിറമായിരിക്കുമോ അതോ ചോക്ലേറ്റും പാലും ചേര്‍ന്ന നിറമായിരിക്കുമോ എന്നതായിരുന്നു ഇലിയുടെ കമന്റ്.

വംശീയമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന അവസാനം വിലക്കേര്‍പ്പെടുത്തുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

ബുക്കാറസ്റ്റില്‍ നടന്ന ഫെഡറേഷന്‍ കപ്പിനിടെ ക്യോത്തവോങ്ങിനോട് താമസിക്കുന്ന മുറിയുടെ നമ്പര്‍ ചോദിച്ചതും ബ്രിട്ടീഷ് പത്രപ്രവര്‍ത്തകയെ വിഡ്ഢി, കാണാന്‍ കൊള്ളരുതാത്തവളെന്നും വിളിച്ച് ആക്ഷേപിച്ചെന്നുമാണ് താരത്തിനെതിരെയുള്ള മറ്റ് കുറ്റങ്ങള്‍.

Top