രജനികാന്തിന്റെ ഒരു കോടിക്കും മീതെയാണ് കർഷകർക്ക് ഇളയദളപതിയുടെ ഒരു വാക്ക് !

ചെന്നൈ: ഒരുകോടി വാഗ്ദാനം ചെയ്ത സൂപ്പര്‍ സ്റ്റാറിനും മീതെ ‘ഒരു വാക്കു കൊണ്ട്’ കര്‍ഷക ഹൃദയം കീഴടക്കി ഇളയദളപതി വിജയ്.

തമിഴകത്ത് സമരത്തിനിറങ്ങിയ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ വിജയുടെ പ്രസംഗമാണ് കര്‍ഷകരുടെ മനം കവര്‍ന്നിരിക്കുന്നത്.

വിജയ് യെ പോലെ തങ്ങളുടെ സമരത്തെ ശക്തമായി പിന്തുണച്ച് സംസാരിച്ച മറ്റൊരു താരവുമില്ലന്ന് കര്‍ഷക സമരസമിതി നേതാവ് അയ്യാക്കണ്ണ് പറഞ്ഞു.

ഇളയദളപതിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ തന്നെ അദ്ദേഹത്തെ കാണണമെന്ന് തോന്നിയെന്നും മറ്റൊരു സിനിമാ താരവും കര്‍ഷകര്‍ക്ക് വേണ്ടി ഇത്ര ശക്തമായി സംസാരിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്തിട്ടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ വികസിത രാജ്യമാകാന്‍ ശ്രമിക്കുന്നതിനു പകരം ആദ്യം കര്‍ഷകരുടെ രാജ്യമാക്കി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ‘വിജയ് ആവശ്യപ്പെട്ടിരുന്നു. ‘

‘ഞാന്‍ നന്നായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ നന്നായിരിക്കണമെന്ന് ഞാനും ആഗ്രഹിക്കുന്നു. എന്നാല്‍, നമ്മള്‍ എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്ന് കരുതുന്നവര്‍ പക്ഷെ ഇപ്പോള്‍ കഷ്ടത്തിലാണ്’. വ്യവസായികള്‍ (കര്‍ഷകരെ തമിഴകത്ത് വ്യവസായികള്‍ എന്നാണ് വിളിക്കുന്നത്) സദസിനെ ചൂണ്ടി വിജയ് പറഞ്ഞു. ഒരു അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു പ്രതികരണം.

‘ മുടങ്ങാതെ നമുക്ക് മൂന്ന് നേരം ഭക്ഷണം ലഭിക്കുന്നത് കൊണ്ടാണ് നാം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അറിയാതെ പോകുന്നതെന്നും ഇത് പരിഹരിച്ചില്ലെങ്കില്‍ ഭാവിതലമുറക്ക് ഒരു വലിയ പ്രശ്‌നമായി മാറുമെന്നും ‘ വിജയ് മുന്നറിയിപ്പ് നല്‍കി.

ഇളയദളപതിയുടെ ഈ പ്രസംഗം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യത കിട്ടാന്‍ ഈ കിടിലന്‍ പ്രസംഗം ഇടയാക്കിയപ്പോള്‍ ‘പണി’ കിട്ടിയത് പാവം സൂപ്പര്‍ സ്റ്റാര്‍ സാക്ഷാല്‍ രജനികാന്തിനാണ്.

നദികളെ പരസ്പരം ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പദ്ധതിക്കായി ഒരു കോടി രൂപ വാഗ്ദാനം ചെയ്ത രജനിയേക്കാള്‍ ഇളയദളപതിയുടെ വാക്കുകള്‍ക്കാണ് കര്‍ഷക മനസ്സ് കീഴടക്കാനായത്. രജനികാന്തിന്റെ ഒരു കോടിക്കും മീതെയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഇളയദളപതിയുടെ ഒരു വാക്ക് !

ഇളയദളപതിയെ നേരിട്ട് കണ്ട് നന്ദി രേഖപ്പെടുത്താനുള്ള തീരുമാനത്തിലാണിപ്പോള്‍ കര്‍ഷക നേതാക്കള്‍.

തമിഴകത്ത് രജനികാന്തിന്റെ പിന്‍ഗാമിയായാണ് വിജയ് നിലവില്‍ അറിയപ്പെടുന്നത്. ലക്ഷക്കണക്കിന് ആരാധകര്‍ കേരളത്തില്‍ പോലും ഈ താരത്തിനുണ്ട് എന്നതില്‍ തന്നെ കരുത്ത് വ്യക്തമാണ്.

അടുത്ത കാലത്ത് ഇറങ്ങിയ ‘കത്തി’ എന്ന സിനിമയില്‍ കര്‍ഷകരെ സഹായിക്കാന്‍ ജീവന്‍ പണയം വെച്ചും പ്രവര്‍ത്തിക്കുന്ന കതിരേശന്‍ എന്ന കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിച്ചിരുന്നത്.

എന്താണ് കമ്യൂണിസമെന്ന് കുട്ടിയോട് പറഞ്ഞ് കൊടുക്കുന്ന താരത്തിന്റെ മറുപടി കേരളത്തിലെ തിയേറ്ററുകളിലും കയ്യടി നേടികൊടുത്തിരുന്നു. ‘നമ്മള്‍ വിശപ്പ് മാറി കഴിക്കുന്ന ഇഡലി ( ഭക്ഷണം)മറ്റൊരാളുടേതാണ്’ എന്നായിരുന്നു വിജയുടെ വാക്കുകള്‍.

സൂപ്പര്‍ ഹിറ്റായ ഈ സിനിമയുടെ സംവിധായകന്‍ മുരുകദാസ് ആണ്.

രജനിക്ക് പിന്നാലെ രാഷ്ട്രീയത്തിലിറങ്ങുന്ന സൂപ്പര്‍ താരമായിരിക്കും ഇളയദളപതി വിജയ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിപ്പോര്‍ട്ട് : ടി അരുണ്‍ കുമാര്‍

Top