നീതി നല്‍കുന്നില്ലെങ്കില്‍ ഞങ്ങളെ വെടിവച്ചുകൊല്ലൂ: കത്തുവ ബാലികയുടെ മാതാവ്

kathua

ശ്രീനഗര്‍: അവരെ വെറുതെവിട്ടാല്‍ അവര്‍ ഞങ്ങളെ കൊല്ലും. നാലു ഗ്രാമങ്ങളിലെ ജനങ്ങള്‍ ഞങ്ങളുടെ ജീവനു പിന്നാലെയാണ്. ഞങ്ങള്‍ നാലു പേര്‍ മാത്രമാണുള്ളത്. എല്ലാം പോയി.. ഞങ്ങളുടെ വീട്, വസ്തുവകകള്‍ എല്ലാം. കുറ്റവാളികളെ തൂക്കിക്കൊല്ലൂ, നീതി നല്‍കുന്നില്ലെങ്കില്‍ ഞങ്ങളെ വെടിവച്ചുകൊല്ലൂ…

ജമ്മു കശ്മീരിലെ കത്തുവയില്‍ ക്രൂരപീഡനത്തിനിരിയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ അമ്മയുടെ രൂക്ഷ പ്രതികരണമാണ് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നത്.

പ്രദേശത്തുനിന്നുള്ള ജനങ്ങളുടെ ഭീഷണിയില്‍ തങ്ങള്‍ ഭയപ്പെടുന്നതായി ബാലികയുടെ മാതാവ് പറഞ്ഞു. കേസിന്റെ വിചാരണ ജമ്മു കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബാലികയുടെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ അടുത്ത ദിവസം വിധി വരാനിരിക്കെയാണ് കുട്ടിയുടെ മാതാവിന്റെ പരാമര്‍ശം.

ജമ്മുവിലെ നിലവിലെ സാഹചര്യത്തില്‍ വിചാരണ സമാധാനപരമായി മുന്നോട്ടുപോകില്ലെന്നും കുറ്റപത്രം പോലും സമര്‍പ്പിക്കാന്‍ പൊലീസിനെ അനുവദിക്കാതിരുന്ന അഭിഭാഷകരുടെ പ്രവര്‍ത്തി രാജ്യം കണ്ടതാണെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുന്നയിക്കാന്‍ പ്രദേശത്തെ രാഷ്ട്രീയക്കാര്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും ക്രൈം ബ്രാഞ്ചിന്റെയും സംസ്ഥാന പൊലീസിന്റെയും അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരാണെന്നും ബാലികയുടെ മാതാവ് പറഞ്ഞു. കുറ്റവാളികളെ രക്ഷിക്കാനാണ് സിബിഐ അന്വേഷണം എന്ന ആവശ്യം രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തങ്ങള്‍ പരാതി നല്‍കിയിരുന്നപ്പോള്‍ തന്നെ പൊലീസ് നടപടിയെടുത്തിരുന്നെങ്കില്‍ മകളെ ജീവനോടെയെങ്കിലും ലഭിച്ചേനെ എന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ബക്കര്‍വാള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തു നിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയിലെ ക്ഷേത്ര പരിസരത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Top