കോണ്‍ഗ്രസിന് അന്തസുണ്ടെങ്കില്‍ എം വിന്‍സന്റ് എംഎല്‍എ യെ കൊണ്ട് രാജി വയ്പ്പിക്കണം: വി എസ്

തിരുവനന്തപുരം: കോണ്‍ഗ്രസിനു അന്തസുണ്ടെങ്കില്‍ എം. വിന്‍സെന്റിനെ കൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്പ്പിക്കണമെന്ന്
ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍.

കേസില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും, ഗൂഢാലോചനയുണ്ടെന്നു പറഞ്ഞ് പ്രതിയെ രക്ഷിക്കാനുള്ള നാണം കെട്ട പണിയാണ് കോണ്‍ഗ്രസിന്റേതെന്നും വി എസ് പറഞ്ഞു.

സ്ത്രീപീഡനവുമായി ബന്ധപ്പെട്ടു തന്നെ അറസ്റ്റ് ചെയ്തതില്‍ ഗൂഢാലോചനയുണ്ടെന്ന് എം. വിന്‍സെന്റ് എംഎല്‍എ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ സിപിഎം പ്രതിനിധിയായ നെയ്യാറ്റിന്‍കര എംഎല്‍എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

വിന്‍സെന്റിന്റെ അറസ്റ്റ് തിടുക്കപ്പെട്ടായിരുന്നെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും ഹസന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ നടനെ അറസ്റ്റ് ചെയ്യാന്‍ അഞ്ച് മാസം വേണ്ടി വന്നു.

എന്നാല്‍, വിന്‍സെന്റിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. തിരക്കിട്ടുള്ള അറസ്റ്റ് സംഭവത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാക്കുന്നു എന്നും ഹസന്‍ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലായിരുന്നു വി എസിന്റെ പ്രതികരണം. ഹസന്റെ നിലപാടിനെതിരെ കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

Top